മംഗലംഡാം: മംഗലംഡാം റിസർവോയറിനടുത്തുള്ള ഉപ്പുമണ്ണിലെ കുന്നിൻ മുകളിൽ 300 മീറ്ററിലധികം നീളത്തിൽ ഭൂമി വിണ്ടുകീറിയ സംഭവത്തിൽ ജില്ലാ കളക്ടർക്കു വിശദമായ റിപ്പോർട്ട് നൽകുമെന്ന് ആലത്തൂർ താലൂക്ക് തഹസിൽദാർ പി.ജയശ്രീ പറഞ്ഞു.
വിള്ളലുകളുടെ ആഴവും പരപ്പും കൂടുതലാണ്. അതിനാൽതന്നെ ഇത് ഏറെ ഗൗരവസ്വഭാവമുള്ളതാണെന്നും ആളപായങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. വിള്ളലുകൾക്കു താഴ് ഭാഗത്തെ മണ്ണ് നിരങ്ങി നീങ്ങുന്ന സാഹചര്യമുണ്ടായാൽ മുകൾ ഭാഗവും പിന്നാലെ ഇടിഞ്ഞു വരാൻ സാധ്യതയുണ്ട്. അങ്ങിനെ സംഭവിച്ചാൽ അപകടത്തിന്റെ വ്യാപ്തി കൂടുമെന്നാണ് വിലയിരുത്തൽ. ഇളകി നിൽക്കുന്ന കുന്നിനു താഴെ ബസ് സർവീസുള്ള ടാർ റോഡാണ്. റോഡിനു താഴെ പത്തടി താഴ്ചയിൽ വീടുകളുമുണ്ട്.
ഈ വീട്ടുകാരെ നേരത്തെ തന്നെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. എങ്കിലും കുറച്ചു ദൂരം മാറിയും കൂടുതൽ വീടുകളുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഒന്നും നിസാരമായി കാണാനാകില്ല. എർത്ത്‌ഡാം കണിയമംഗലം റോഡിനോട് ചേർന്ന് മുകൾ ഭാഗത്തെ കുന്നിലാണ് വീണ്ടും വിള്ളൽ കാണപ്പെട്ടത്. 2018 ലും പ്രദേശത്ത് സമാനമായ വിള്ളൽ ഉണ്ടായിരുന്നു. പിന്നീട് ഈ വിള്ളലുകൾ മണ്ണുമൂടി. പഴയ വിള്ളലുകൾക്കിടയിലാണ് വീണ്ടും വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ തവണ ഉണ്ടായതിനേക്കാൾ കൂടുതൽ ഭാഗത്ത് വിള്ളൽ കാണപ്പെടുന്നുണ്ടെന്നും ഈ പ്രദേശത്തെ മരങ്ങൾ കൂടുതൽ ചെരിഞ്ഞിട്ടുണ്ടെന്നും പ്രദേശവാസികളും പറയുന്നു. പലയിടങ്ങളിലും ചെറിയതോതിൽ മണ്ണിടിച്ചിലും ഭൂമിക്ക് നിരപ്പ് വ്യത്യാസവും ഉണ്ടായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വിണ്ടുകീറിയ സ്ഥലത്ത് പി.ജയശ്രീയുടെ നേതൃത്വത്തിലുള്ള റവന്യു സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.