പാലക്കാട്: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ യു.ഡി.എഫെന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഈ വിഷയത്തിൽ സി.പി.എമ്മിന് ഒറ്റ നിലപാടാണുള്ളത്. യു.ഡി.എഫ് നേതൃത്വം മാപ്പ് പറഞ്ഞാൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയാം. സ്ക്രീൻ ഷോട്ടിന്റെ വ്യാജ നിർമിതിക്ക് പിന്നിൽ യു.ഡി.എഫിന് ബി.ജെ.പിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വടകരയിൽ യു.ഡി.എഫാണ് അശ്ലീലതയും വർഗീയതയും പ്രചരിപ്പിച്ചത്.അതിന്റെ
ഗുണഭോക്താക്കൾ എൽ.ഡി.എഫോ സി.പി.എമ്മോ അല്ല. മത്സര രംഗത്തേക്ക് വരുന്ന ആദ്യത്തെ ദിവസം തന്നെ ടീച്ചറമ്മയെന്ന് വിളിച്ച് പരിഹസിച്ച് . കള്ള ലെറ്റർപാഡ് ഉണ്ടാക്കിയത് ഉൾപ്പെടെ നിരവധി കേസുകൾ വന്നിട്ടുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് വിവാദമായ കാഫിർ സന്ദേശ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ചത് പാർട്ടി അനുകൂല സാമൂഹ്യ മാദ്ധ്യമങ്ങളിലാണെന്ന് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വടകരയിലെ ഡി.വൈ.എഫ്.ഐ നേതാവായ റിബേഷ് റെഡ് എൻകൗണ്ടർ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആദ്യം ഷെയർ ചെയ്ത സന്ദേശമാണ് പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടതെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. റെഡ് എൻകൗണ്ടർ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് റെഡ് ബെറ്റാലിയൻ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കും അവിടെനിന്ന് അമ്പാടിമുക്ക് സഖാക്കൾ, പോരാളി ഷാജി എന്നീ ഫെയ്സ്ബുക്ക് പേജുകളിലും ഷെയർ ചെയ്യപ്പെട്ടിരുന്നു. മുൻ എം.എൽ.എയായ കെ.കെ. ലതികയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലും സ്‌ക്രീൻഷോട്ട് പങ്കു വച്ചിരുന്നു.