പാലക്കാട്: ഇടയ്ക്കിടെ പെയ്യുന്ന മഴയും ശേഷം 38 ഡിഗ്രിവരെ പോകുന്ന ചൂടും ഇടകലർന്ന കാലാവസ്ഥയിൽ പാലക്കാട് ജില്ലയിൽ പനിയും പകർച്ചവ്യാധികളും ഒഴിയുന്നില്ല. കഴിഞ്ഞ ആഴ്ചവരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം പാലക്കാട് വിവിധ സർക്കാർ ആശുപത്രികളിലായി ആകെ 13,676 പേർ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 304 പേർ കിടത്തി ചികിത്സ നടത്തി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 291 പേരാണ് ആശുപത്രികളിലെത്തിയത്. പരിശോധനയിൽ 44 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ കാലയളവിൽ 14 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേർ എലിപ്പനിമൂലം മരിച്ചു. ജില്ലയിൽ 142 പേരാണ് ചിക്കൻപോക്സിന് ചികിത്സ തേടിയത്. 40 പേർക്ക് ഹെപ്പറ്റൈറ്റിസ് എ, 24 പേർക്ക് എച്ച്1 എൻ1, രണ്ട് പേർക്ക് ചെള്ളുപനി എന്നിങ്ങനെയും സ്ഥിരീകരിച്ചു. 2689 പേർ വയറിളക്കം ബാധിച്ച് ചികിത്സ തേടിയപ്പോൾ നാലു പേർക്ക് മലേറിയ സ്ഥിരീകരിച്ചു. ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, എച്ച്1 എൻ1 രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. ജില്ലയിൽ നിലവിൽ മഴ ഇല്ലെങ്കിലും പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കേരളത്തിൽ 1682 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു
ആഗസ്റ്റ് 16വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്താകെ 1682 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 263 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 17 പേർ മരിച്ചു. ഹെപ്പറ്റൈറ്റിസ് എ മൂലം അഞ്ചുപേർ മരിച്ചപ്പോൾ എച്ച്1 എൻ1 ബാധിച്ച് ഒൻപത് പേരുടെ ജീവനാണ് പൊലിഞ്ഞത്. 1,62,642 പേർക്കാണ് സംസ്ഥാനത്ത് ഇക്കാലയളവിൽ സാധാരണ പനി ബാധിച്ചത്