പാലക്കാട്: ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യം ഉണ്ടാക്കൽ, അനധികൃത മദ്യ വിൽപന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിനായി സെപ്തംബർ 20 വരെ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തും. അതിർത്തി വഴി കടത്ത് തടയുന്നതിനായി അന്തർ സംസ്ഥാന യോഗം വിളിച്ചുചേർക്കുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വിറോബർട്ട് അറിയിച്ചു. എക്‌സൈസ് സൈബർസെൽ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് മുൻപ്രതികളെ നീരീക്ഷിക്കുമെന്ന് അസി. എക്‌സൈസ് കമ്മീഷണർ എം.സൂരജ് അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ മൂന്ന് മേഖലകളായി തിരിച്ച് സ്‌ട്രൈക്കിംഗ് ഫോഴ്സുകൾ പ്രവർത്തിക്കും. ഒറ്റപ്പാലം, മണ്ണാർക്കാട് മേഖലയിൽ ഒന്നാം ഫോഴ്സും പാലക്കാട്, ചിറ്റൂർ, ആലത്തൂർ കേന്ദ്രീകരിച്ച് രണ്ടാം ഫോഴ്സും അട്ടപ്പാടിയിൽ മൂന്നാം ഫോഴ്സും പ്രവർത്തിക്കും.
അബ്കാരി, എൻ.ഡി.പി.എസ് കുറ്റകൃത്യങ്ങളെക്കുറിച്ചും അനധികൃത കടത്ത് സംബന്ധിച്ചും പൊതുജനങ്ങൾക്ക് വിവരങ്ങളും പരാതികളും ജില്ലാതല കൺട്രോൾ റൂമിലും താലൂക്ക് തല കൺട്രോൾ റൂമിലും അറിയിക്കാം. ജില്ലാതല കൺട്രോൾ റൂം: 155358 (ടോൾ ഫ്രീ), 0491 2505897. താലൂക്ക്തല കൺട്രോൾ റൂം: ഒറ്റപ്പാലം 0466 2244488, 9400069616, മണ്ണാർക്കാട് 0492 4225644, 9400069614, പാലക്കാട് 0491 2539260, 9400069430, ചിറ്റൂർ 0462 3222272, 9400069610, ആലത്തൂർ 0492 2222474, 9400069612. എക്‌സൈസ് സ്പഷ്യൽ സ്‌ക്വാഡ്: 0491 2526277.
കള്ള് ചെത്ത് തോട്ടത്തിലും പരിശോധന
ചിറ്റൂർ താലൂക്കിൽ അതിർത്തി റോഡുകളിൽ കെ.എം.ഇ.യു ബോർഡർ പട്രോളിംഗ് യൂണിറ്റ്, ദേശീയപാതയിൽ പ്രത്യേക പട്രോളിംഗ് യൂണിറ്റ് എന്നിവ പരിശോധന ശക്തമാക്കും.
ഓണം സ്‌പെഷ്യൽ ഡ്രൈവ് തീരുംവരെ ഒരു എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ജില്ലാതല മിന്നൽ സ്‌ക്വാഡും പ്രവർത്തിക്കും.
കള്ള് ഷാപ്പുകൾ ഉൾപ്പെടെ ലൈസൻസ്ഡ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കും.
ഡിസ്റ്റിലറികളിലും ബ്രുവറികളിലും പ്രത്യേക നിരീക്ഷണം നടത്തും.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, പൊലീസ്, റവന്യു, ഫോറസ്റ്റ് എന്നിവയുമായി ചേർന്ന് സംയുക്ത പരിശോധന ഉണ്ടാകും.
റെയിൽവേ സ്റ്റേഷനുകളിലും പാർസൽ, കൊറിയർ സർവീസ്, ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലും പൊലീസ് ഡോഗ് സ്‌ക്വാഡ്, എക്‌സൈസ് സംയുക്ത പരിശോധന ഉണ്ടാകും.
അഗളി, ചിറ്റൂർ കേന്ദ്രീകരിച്ച് പ്രത്യേക റെയ്ഡുകൾ നടത്തും.
ചിറ്റൂരിൽ കള്ള് ചെത്ത് തോട്ടം മേഖല കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കും.
ജോയിന്റ് എക്‌സൈസ് കമ്മീഷണർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എന്നിവരുടെ പ്രത്യേക തോപ്പ് പരിശോധന സ്‌ക്വാഡുകൾ പ്രവർത്തിക്കും.