നെല്ലിയാമ്പതി: ശക്തമായ മഴയിൽ ഉരുൾപൊട്ടി ഒഴുകിയെത്തിയ കൂറ്റൻ പാറകൾ പൊട്ടിച്ചുനീക്കുന്ന പ്രവൃത്തി പൂർത്തിയായില്ല. ഇതോടെ നെല്ലിയാമ്പതിയിലേക്കുള്ള യാത്രാനിരോധനം തുടരും. ചെറുനെല്ലിയിലും കുണ്ടറച്ചോലയ്ക്ക് മുകൾഭാഗത്തും പാതയിലേക്ക് വന്ന കൂറ്റൻ പാറക്കല്ലുകൾ യന്ത്രം ഉപയോഗിച്ച് പൊട്ടിച്ചുമാറ്റുന്ന പ്രവൃത്തി മൂന്നുദിവസമായി നടക്കുന്നുണ്ട്. പാതയിലേക്ക് വീഴാറായി നിൽക്കുന്ന മുഴുവൻ കല്ലുകളും നീക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
ജൂലായ് 29നാണ് നെല്ലിയാമ്പതിയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി ഗതാഗതം പൂർണമായി മുടങ്ങിയത്. അഞ്ചുദിവസത്തിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചുവെങ്കിലും വലിയ കല്ലുകൾ പാതിയിലേക്ക് തള്ളിനിൽക്കുന്നതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകാൻ കഴിഞ്ഞിരുന്നില്ല. പാറ പൊട്ടിച്ചു നീക്കിയയിടത്ത് വെള്ളം പാതയിലേക്ക് ഒഴുകാതിരിക്കാൻ ചാലുകൾകൂടിയെടുക്കും. 22 ദിവസമായി നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതിനാൽ റിസോർട്ട് ഉടമകളും ജീപ്പ് ഡ്രൈവർമാരും പ്രതിസന്ധിയിലാണ്.