കിഴക്കഞ്ചേരി: പനംക്കുറ്റി-കോരൻചിറ-പന്തലാംപാടം മലയോര പാതയിൽ താമരപ്പിള്ളി കയറ്റത്തിൽ പുള്ളിപുലിയെ കണ്ടതായി യാത്രക്കാർ. ഇന്നലെ രാവിലെ ചുവന്നമണ്ണിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യവേ പുലിയെ കണ്ടതായി റബർ ടാപ്പിംഗ് ജോലിക്കാരായ ദമ്പതികൾ പറഞ്ഞു. മനുഷ്യ സാന്നിധ്യമറിഞ്ഞ പുലി ഡ്രാഗൺ ഫ്രൂട്ട് ഫാംഹൗസിന്റെ പിന്നിലുള്ള കാട്ടിലേക്കാണ് ചാടി മറഞ്ഞതായും ഇവർ പറഞ്ഞു. മറ്റൊരു യാത്രക്കാരനും ഇവിടെ പുലിയെ കണ്ടതായി പറഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലായി. കുണ്ടും കുഴിയും നിറഞ്ഞ് യാത്രാദുരിതം നേരിടുന്ന ഇവിടുത്തെ റോഡിനിരുവശവും കാടാണ്.