minister
പട്ടികവർഗ്ഗ മേഖലയിലെ 15 വയസിന് താഴെയുള്ള കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിനായുള്ള അക്ഷയ ജ്യോതി 2.0 ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കുന്നു

പാലക്കാട്: പട്ടികവർഗ്ഗ മേഖലയ്ക്കായുള്ള മുഴുവൻ ആനുകൂല്യങ്ങളും നേടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ജില്ലയിലെ പട്ടികവർഗ മേഖലയിലെ 15 വയസിന് താഴെയുള്ള കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിനായുള്ള അക്ഷയ ജ്യോതി 2.0 ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി എത്താത്ത പട്ടികവർഗ കോളനികളിൽ വൈദ്യുതി എത്തിക്കാൻ 196 കോടി രൂപയാണ് വൈദ്യുതി വകുപ്പ് അനുവദിച്ചത്. ഇത്തരത്തിലുളള 97 കോളനികളിൽ 24 എണ്ണത്തിൽ വൈദ്യുതി ലൈൻ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇവിടേക്ക് സോളാറും ബാറ്ററിയും ഉപയോഗിച്ച് വൈദ്യുതി എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൈദ്യുതി ഉപയോഗിക്കുന്നതിനോടൊപ്പം പട്ടികവർഗ്ഗക്കാർക്ക് വരുമാനം ഉറപ്പാക്കുന്നതിനുള്ള സോളാർ പദ്ധതികളും വകുപ്പിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ജില്ലാ ടി.ബി സെന്ററും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എ.ഷാബിറ ജില്ലയിൽ മികവ് പുലർത്തിയ ആരോഗ്യ പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരെ പ്രതിനിധീകരിച്ച് ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് രാജിത സംസാരിച്ചു.

ജില്ലയിലെ പട്ടികവർഗ മേഖലയിലെ 15 വയസിന് താഴെയുള്ള കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ജില്ല വിഭാഗം നടപ്പാക്കുന്ന അക്ഷയ ജ്യോതി പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണ്. പദ്ധതിയുടെ ആദ്യഘട്ടം അഗളി, ഷോളയൂർ, പുതൂർ, കിഴക്കഞ്ചേരി, വണ്ടാഴി, മുതലമട എന്നീ ആറ് ഗ്രാമ പഞ്ചായത്തുകളിലാണ് സംഘടിപ്പിച്ചു വരുന്നത്. രണ്ടാം ഘട്ടം പട്ടിക വർഗ്ഗ ജനവിഭാഗം ഉൾപ്പെട്ട ബാക്കി 38 പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.