93.91 കിലോമീറ്റർ സൗരോർജ്ജ വേലി പ്രവർത്തനക്ഷമം അല്ല
പാലക്കാട്: വനംവകുപ്പ് സൗരോർജ വേലികളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്നും സൗരോർജ്ജ വേലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വനംവകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യ(സി.എ.ജി) റിപ്പോർട്ട്. സംസ്ഥാനത്തെ മൂന്ന് ഡിവിഷനുകളിലായി ആകെ സ്ഥാപിച്ച 306.09 കിലോമീറ്റർ സൗരോർജ്ജ വേലികളിൽ 93.91 കിലോമീറ്ററും പ്രവർത്തനക്ഷമം അല്ല. മണ്ണാർക്കാട് ഡിവിഷനിലെ 35.28 കിലോമീറ്ററും പാലക്കാട് ഡിവിഷനിലെ 10.63 കിലോമീറ്ററും മലയാറ്റൂരിലെ 48.00 കിലോമീറ്ററും പ്രവർത്തനക്ഷമമല്ലെന്നും റിപ്പോർട്ടിലുണ്ട്. പാലക്കാട് ഡിവിഷനിലെ ഒലവക്കോട് റേഞ്ചിലെ ധോണി, വാളയാർ റേഞ്ചിലെ 53 ക്വാറികൾ, മണ്ണാർക്കാട് ഡിവിഷനിലെ തിരുവിഴാംകുന്ന് എന്നിവിടങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് സൗരോർജ്ജ വേലികൾ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയത്.
മൃഗങ്ങൾ അതിരുകൾ കടക്കുന്നത് തടയാൻ വൈദ്യുത ആഘാതത്തിന്റെ സഹായത്തോടെ ഉപയോഗിക്കുന്ന പ്രതിബന്ധമാണ് വൈദ്യുത വേലി. ഒരു മൃഗം വേലിയിൽ സ്പർശിക്കുമ്പോൾ അതിന് മാരകമല്ലാത്തതുമായ വൈദ്യുതാഘാതം നൽകുന്നു. പ്രതിബന്ധം മറികടക്കാൻ ശ്രമിക്കുന്നതിൽ നിന്ന് മൃഗത്തെ പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഷോക്ക്. വന്യമൃഗങ്ങൾ, പ്രത്യേകിച്ച് ആനകൾ, വനാതിർത്തികളിലേക്ക് കടക്കുന്നത് തടയാൻ വകുപ്പ് സൗരോർജ്ജ വേലികൾ ഉപയോഗിക്കുന്നുണ്ട്. പലസ്ഥലത്തും ഈ വേലകിൾ സംരക്ഷിക്കുന്നതിൽ വനംവകുപ്പിന് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.