mla
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കിന്റെ ആഭിമുഖ്യത്തിൽ ഗോത്ര മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള 'പ്രകൃതിയോടൊപ്പം' പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും തുടർന്നുളള ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനവും കെ.ഡി പ്രസേനൻ എം.എൽ.എ നിർവഹിക്കുന്നു

 ജില്ലാതല ഉദ്ഘാടനവും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കിന്റെ ആഭിമുഖ്യത്തിൽ ഗോത്ര മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള 'പ്രകൃതിയോടൊപ്പം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് ഗോത്ര മേഖലയിൽ കെ.ഡി.പ്രസേനൻ എം.എൽ.എ നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന വിവിധ പ്രവർത്തനങ്ങൾ ഗോത്ര മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ശുചിത്വം, ആരോഗ്യം, ജെൻഡർ വിഷയങ്ങൾ, വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും പ്രാധാന്യം, ജീവിത ശൈലി രോഗങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുടുംബശ്രീ ജെൻഡർ ടീം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകൾ എന്നിവയുമായി സഹകരിച്ച് അവബോധ ക്ലാസുകളും മറ്റു പ്രവർത്തനങ്ങളും സംഘടിപ്പിക്കും.

ഗോത്ര സമൂഹത്തെ മുഖ്യ ധാരയിൽ കൊണ്ടുവരുന്നതിന് കൂടുതൽ പിന്തുണയും, സഹായവും അവർക്ക് നൽകേണ്ടതായിട്ടുണ്ട്. ഗോത്ര ജനതയുടെ സംസ്‌കാരവും ജീവിത സാഹചര്യവും മാറ്റി കൊണ്ടുള്ള പദ്ധതികളോ പ്രവർത്തനമോ സാധ്യമാകില്ല. മറിച്ച് അവർക്ക് അനുയോജ്യമായ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുമ്പോൾ മാത്രമാണ് അവരിലേക്ക് ചേർന്ന് നിൽക്കാൻ സാധിക്കുകയുള്ളു. അതിന്റെ ആരംഭമാണ് ആയുർവേദ മെഡിക്കൽ ക്യാമ്പെന്ന് എം.എൽ.എ പറഞ്ഞു.

കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ അദ്ധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ എൻ.ഉണ്ണിക്കൃഷ്ണൻ,​ കെ.രാധാകൃഷ്ണൻ, രതിക മണികണ്ഠൻ, രാജി കൃഷ്ണൻകുട്ടി, കെ.രവീന്ദ്രൻ, കലാധരൻ, ഡാൻ ജെ വട്ടോളി, സുശീല രാജു, ജെനിൻ, അച്യുതൻ,​ കുടുംബശ്രീ ജൻഡർ പ്രോഗ്രാം മാനേജർ ഗ്രീഷ്മ എന്നിവർ സംസാരിച്ചു.