mp
വട്ടിപ്പലിശക്കാരുടെ മർദനമേറ്റ് മരിച്ച കെ.മനോജിന്റെ വീട് എം.പി വി.കെ.ശ്രീകണ്ഠൻ സന്ദർശിച്ചപ്പോൾ.

പാലക്കാട്: വട്ടിപ്പലിശക്കാർ തഴച്ചു വളരുന്നത് പൊലീസിന്റെ ഒത്താശയോടെയെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി. ബ്ലെയ്ഡ് മാഫിയകളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കിടെ മരിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടർ കുഴൽമന്ദം കുളവൻമൊക്ക് സ്വദേശി കെ.മനാേജിന്റെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ രഹിതരായവരെയും നിർദ്ധനരായവരെയും ചൂഷണം ചെയ്തുകൊണ്ട് ബ്ലേഡ് മാഫിയകൾ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.

സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരാതി നൽകിയിട്ടും പൊലീസ് നടപടികൾ സ്വീകരിക്കുന്നില്ല. മാഫിയകൾ സാധാരണക്കാരായ ആളുകളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള കൊള്ളപലിശ സംഘങ്ങൾ കേരളത്തിൽ അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം വട്ടിപ്പലിശക്കാർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, കെ.പി.സി.സി മെമ്പർ സി.പ്രകാശ്, കുഴൽമന്ദം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഐ.സി.ബോസ്, കുഴൽമന്ദം പഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണൻ, മാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.പ്രസാദ്, മെമ്പർ കെ.ഉദയപ്രകാശ്, പ്രതീഷ് മാധവൻ, എ.സുരേന്ദ്രൻ, വി.പ്രമോദ് എന്നിവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.