paddy

പാലക്കാട്: ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ 2022 -23 സാമ്പത്തിക വർഷത്തിലെ കേന്ദ്രത്തിലെ കുടിശികയിൽ 207 കോടി രൂപ ഉടൻ വാങ്ങിയെടുക്കാൻ സപ്ലൈകോയ്‌ക്ക്‌ നിർദ്ദേശം. ആവശ്യമായ രേഖകൾ ഹാജരാക്കി അടുത്തമാസം 15 നകം തുക വാങ്ങണമെന്നാണ് സംസ്ഥാന പൊതുവിതരണവകുപ്പ് നിർദ്ദേശിച്ചത്. നടപടിക്രമങ്ങൾ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ, പൊതുവിതരണ വകുപ്പ് കമ്മിഷണർ എന്നിവരുടെ നേതൃത്വത്തിൽ ഉടൻ പൂർത്തിയാക്കണം.

കർഷകർക്കുള്ള സംഭരണവില വിതരണത്തിന് വേഗംകൂട്ടാൻ 50 കോടി രൂപകൂടി സപ്ലൈകോയ്ക്ക് അനുവദിച്ചതായി പൊതുവിതരണവകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന വിഹിതമാണിത്. 2022 -23 വർഷത്തിൽ സംഭരിച്ച നെല്ലിന്റെ താങ്ങുവില ലഭിച്ചില്ലെന്ന പരാതിയുമായി ഒരുവിഭാഗം കർഷകർ രംഗത്തെത്തിയിരുന്നു. നെല്ലുസംഭരണ രസീത് (പി.ആർ.എസ്.) ഈടിന്മേൽ ബാങ്ക് കൺസോർഷ്യം വഴി വായ്പയെടുക്കാത്ത കർഷകരാണ് ഇവരിലേറെയും. ഇവർക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ താങ്ങുവിലവിഹിതം അനുവദിക്കുന്ന മുറയ്ക്കാണ് നെല്ലുവില നൽകുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ പ്രോത്സാഹനത്തുകയും കൈകാര്യച്ചെലവുമായി 203.9 കോടി രൂപ സപ്ലൈകോയ്ക്ക് നൽകിയിരുന്നു. കേരളത്തിന് ലഭിക്കേണ്ട താങ്ങുവിലയിൽ അഞ്ചുവർഷത്തെ കുടിശികയായ 852.29 കോടി രൂപ മാർച്ചിൽ കേന്ദ്രസർക്കാരും അനുവദിച്ചു. ഇത് ബാങ്ക് കൂട്ടായ്മയ്ക്കുള്ള സപ്ലൈകോയുടെ വായ്പാതിരിച്ചടവിന് വേഗംകൂട്ടിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ടടക്കം മുഴുവൻ രേഖകളും ഹാജരാക്കുന്ന മുറയ്ക്ക്‌ മാത്രമേ കേന്ദ്രം സംസ്ഥാനത്തിന് താങ്ങുവില പൂർണമായി നൽകൂ.