toddy

ചിറ്റൂർ: കള്ളുഷാപ്പുകളുടെ ഓൺലൈൻ ലേലത്തിൽ അതിർത്തിമേഖലയിലെ ഷാപ്പുകൾ വാങ്ങാൻ ആളില്ല. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ലേലത്തിൽ സംസ്ഥാന അതിർത്തിമേഖലയായ ചിറ്റൂരിലെ രണ്ട് ഗ്രൂപ്പുകളിലുൾപ്പെട്ട പത്ത്‌ ഷാപ്പുകൾ ഏറ്റെടുക്കാനാളില്ലാത്തതിനാൽ വില്പന നടന്നില്ല. ഷാപ്പുകൾ പൂട്ടിയതോടെ നൂറോളം തൊഴിലാളികൾ ദുരിതത്തിലാണ്. ലൈസൻസികൾ കൈയൊഴിഞ്ഞതോടെ ജില്ലയിൽ പൂട്ടിയ 15 കള്ളുഷാപ്പുകളുടെ ഓൺലൈൻ ലേലമാണ് നടന്നത്. ഇതിൽ ഒറ്റപ്പാലത്തെ അഞ്ച് ഷാപ്പുകളടങ്ങിയ ഗ്രൂപ്പിന്റെ വില്പന മാത്രമാണ് നടന്നത്.

ചിറ്റൂർ റേഞ്ചിലെ 11, 13 എന്നീ ഗ്രൂപ്പുകളിൽപ്പെട്ട ഷാപ്പുകളാണ് വിൽക്കാൻ കഴിയാഞ്ഞത്. മാർച്ച് 31ന് കാലാവധി കഴിഞ്ഞ ഷാപ്പ് ലൈസൻസുകൾ കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ നിലവിലുള്ള ലൈസൻസികൾക്ക് തന്നെ ആറുമാസത്തേക്ക് എക്സൈസ് പുതുക്കി നൽകിയിരുന്നു. എന്നാൽ, നഷ്ടം ചൂണ്ടിക്കാട്ടി ചില ലൈസൻസികൾ ലൈസൻസ് പുതുക്കാൻ തയ്യാറായില്ല. ഈ ഷാപ്പുകളുടെ പ്രവർത്തനമാണ് മൂന്നരമാസത്തിലേറെയായി നിലച്ചത്.

ഒറ്റപ്പാലത്തെ ഏഴാം ഗ്രൂപ്പിൽപ്പെട്ട അഞ്ച്‌ ഷാപ്പുകൾ ലേലത്തിൽ വിൽക്കാനായി. എക്സൈസ് കമ്മിഷണറുടെ പ്രത്യേക അനുമതിയോടെയാണ് പൂട്ടിയ ഷാപ്പുകൾ വീണ്ടും ലേലംചെയ്യാൻ തീരുമാനിച്ചത്. മുൻ ലൈസൻസികളുടെ കാലത്ത് നിശ്ചയിച്ചിരുന്ന അതേവിലയാണ് പുനർലേലത്തിൽ ഷാപ്പുകൾക്ക് നിശ്ചയിച്ചിരുന്നത്. തമിഴ്നാട്ടിലെ മദ്യനിരോധനത്തെ തുടർന്ന് ഒരുകാലത്ത് വലിയതോതിൽ കള്ളുവില്പന നടന്നിരുന്ന ഷാപ്പുകളാണ് അതിർത്തി മേഖലയിലേത്. അതിർത്തിമേഖലയിൽ സെക്കൻഡ്സ് മദ്യവില്പന വ്യാപകമായതോടെ തമിഴ്നാട്ടിൽ നിന്ന് ആളുകളെത്തുന്നത് കുറഞ്ഞു. ഇതോടെയാണ് ഈ മേഖലയിൽ കള്ളുഷാപ്പുകൾ നഷ്ടത്തിലായത്.

വില്പന നടത്താനാവാത്ത ഷാപ്പുകൾ

ചിറ്റൂർ 11-ാം ഗ്രൂപ്പിലെ ചുള്ളിപ്പെരുക്കപ്പാറ (നമ്പർ-35), കുരങ്ങംപള്ളം (41), സൂര്യപാറ (74), കരിമണ്ണ് (75), പെരുമ്പാറച്ചള്ള (76) എന്നിവയ്ക്കുപുറമേ 13-ാം ഗ്രൂപ്പിലെ കരുവപ്പാറ (43), അപ്പുപ്പിള്ളയൂർ (56), ഇരട്ടക്കുളം (57), ചെട്ടിക്കുളം (79), കുന്നംകാട്ടുപതി (80) എന്നീ ഷാപ്പുകളാണ് ഏറ്റെടുക്കാനാളില്ലാത്തതിനാൽ വില്പന നടത്താനാവാത്തത്.

ഷാപ്പുകൾ തുക പകുതിയാക്കി ലേലം ചെയ്യും

ആദ്യലേലത്തിൽ വിറ്റുപോകാത്ത ഷാപ്പുകൾ തുക പകുതിയായി കുറച്ച് മറ്റൊരു തീയതി നിശ്ചയിച്ച് ലേലംചെയ്യും. ഇതിലും വിൽക്കാനായില്ലെങ്കിൽ ഷാപ്പിന് 500 രൂപവീതം ഈടാക്കി തൊഴിലാളി സമിതിക്ക് ലൈസൻസ് നൽകുന്നതാണ് രീതി. കള്ളുഷാപ്പുകൾ പൂട്ടിയതോടെ പി.എഫിലേക്ക് അടയ്ക്കാനുള്ള വിഹിതവും മുടങ്ങിയതായി തൊഴിലാളികൾ പറയുന്നു.