പാലക്കാട്: കൃഷിഭവൻ സേവനങ്ങളുമായി ബന്ധപ്പെട്ട് കർഷകരുടെ അനുഭവങ്ങളും പ്രതികരണങ്ങളും ഉടൻ കൃഷിവകുപ്പിനെ അറിയിക്കാൻ സംവിധാനമൊരുങ്ങുന്നു. കർഷകരുടെ പ്രതികരണങ്ങൾ തത്സമയം ശേഖരിക്കുന്നതിനായി കൃഷിഭവനുകൾ കേന്ദ്രീകരിച്ച് ക്യൂ.ആർ കോഡുകൾ പ്രദർശിപ്പിക്കും. മൊബൈൽ ഫോണിൽ ക്യൂ.ആർ കോഡ് സ്‌കാൻചെയ്ത് കർഷകർക്ക് അവരുടെ പ്രതികരണങ്ങൾ അയയ്ക്കാം. കൃഷി അസി. ഡയറക്ടർ മുതലുള്ള ഉന്നതോദ്യോഗസ്ഥർക്കും മന്ത്രിയുടെ ഓഫീസിലേക്കുമാണ് സന്ദേശം എത്തുക. കൃഷിഭവനുകളുടെ പ്രവർത്തനവും ഉദ്യോഗസ്ഥ ഇടപെടലുകളും നിരീക്ഷിക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമാണ് കേന്ദ്രീകൃത സംവിധാനമെന്ന നിലയിൽ പുതിയ സംവിധാനമൊരുക്കുന്നത്.

നബാർഡിനുകീഴിലുള്ള കൺസൾട്ടിംഗ് കമ്പനിയായ നാപ്‌കോൺ ആണ് പദ്ധതിക്കാവശ്യമായ സാങ്കേതികസഹായം നൽകുന്നത്. കൃഷിഭവനുകളിലും ഫീൽഡ് തല പരിശോധനയിലും ഉദ്യോഗസ്ഥർ ക്യു.ആർ കോഡ് വഴി കർഷകരിൽനിന്ന് പ്രതികരണങ്ങൾ തേടണം. പ്രതികരണങ്ങൾ അയയ്ക്കുമ്പോൾത്തന്നെ കർഷകന്റെ ഫോൺനമ്പറും പേരും ഉൾപ്പെടെ പ്രത്യേക മൊബൈൽ അപ്ലിക്കേഷനിലൂടെ ഉന്നതോദ്യോഗസ്ഥർക്ക് ലഭിക്കും. പരാതികളുള്ള കർഷകരാണെങ്കിൽ അവരെ തിരിച്ചുവിളിച്ച് പ്രശ്നങ്ങൾ ചോദിച്ചറിയുകയും ബന്ധപ്പെട്ട കൃഷിഭവനിലെ ഉദ്യോഗസ്ഥരോട് വിശദീകരണം ആരായുകയും ചെയ്യും. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചേക്കും. കർഷകരുമായി ഇടപെടുന്നതിന് പ്രത്യേക കോൾസെന്റർ സംവിധാനവും ഒരുക്കും.

1,076 കൃഷിഭവനുകളിൽ പദ്ധതി നടപ്പാക്കും
കൃഷിവകുപ്പിന്റെ അനുഭവം (അസസ്‌മെന്റ് ഫോർ നർച്ചറിംഗ് ആൻഡ് അപ് ലിഫ്റ്റിംഗ് ബെനിഫിഷ്യറി ഹാപ്പിനസ് ആൻഡ് അഗ്രിക്കൾച്ചറൽ വിസിറ്റർ അസസ്‌മെന്റ് മെക്കാനിസം) പദ്ധതിയുടെ ഭാഗമായാണ് ക്യു.ആർ കോഡ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 1,076 കൃഷിഭവനുകളിലും പദ്ധതി നടപ്പാക്കും.