പാലക്കാട്: ഇന്ന് ശ്രീകൃഷ്ണ ജയന്തി, വീഥികൾ അമ്പാടിയാകും. ക്ഷേത്രങ്ങളിലും തെരുവീഥികളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ 1500 ഉപശോഭായാത്രകളും 30 മഹാശോഭായാത്രകളും നടക്കും. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും ശോഭായാത്രകളുണ്ടാകും. പാലക്കാട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ഇന്ന് വൈകിട്ട് 4ന് ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്ര പരിസരത്തു സംഗമിച്ചു മഹാശോഭായാത്രയായി താരേക്കാട് -ഹെഡ്‌പോസ്റ്റ് ഓഫീസ് വഴി കോട്ടയ്ക്കകം ആഞ്ജനേയ ക്ഷേത്രത്തിലെത്തി പ്രസാദ വിതരണത്തോടെ സമാപിക്കും.
നഗരത്തിൽ ഗതാഗത നിയന്ത്രണം
ശോഭായാത്ര നടക്കുന്നതിനാൽ ഇന്ന് വൈകിട്ട് 4 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഗവ. വിക്ടോറിയ കോളജിനു സമീപം ചിന്മയ തപോവനം മുതൽ കോട്ടയ്ക്കകം ആഞ്ജനേയ ക്ഷേത്രം വരെയാണ് ശോഭായാത്ര നടക്കുക. ഈ സമയം ഇതുവഴി വാഹനങ്ങൾ കടത്തിവിടില്ല. ബസുകൾക്കുള്ള റൂട്ട് ട്രാഫിക് എൻഫോഴ്സ്‌മെന്റ് വിഭാഗം അറിയിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങൾ ജംഗ്ഷനുകളിൽ വച്ചു സമാന്തര റോഡുകൾ വഴി പൊലീസ് തിരിച്ചുവിടും.
തൃശൂർ, വടക്കഞ്ചേരി ഭാഗത്തു നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ കണ്ണനൂർ -തിരുനെല്ലായി വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി തിരിച്ചുപോകണം. ഈ ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകൾ ഹൈവേ വഴി ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി തിരിച്ചുപോകണം.
ചിറ്റൂർ വണ്ടിത്താവളം ഭാഗത്തു നിന്നുള്ള ബസുകൾ കാടാങ്കോട് -ചന്ദ്രനഗർ -കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി പോകണം. ഈ ഭാഗത്തേക്കുള്ള ഇതര വാഹനങ്ങളും ഇതുവഴി പോകണം.
കോഴിക്കോട്, മണ്ണാർക്കാട്, മുണ്ടൂർ ഭാഗത്തു നിന്നുള്ള ബസുകൾ ഒലവക്കോട് ശേഖരീപുരം ബൈപാസ് - മണലി വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി ഇതുവഴി തന്നെ തിരിച്ചു പോകണം.
വാളയാർ, കഞ്ചിക്കോട്, കൊഴിഞ്ഞാമ്പാറ ഭാഗത്തു നിന്നുള്ള ബസുകൾ ചന്ദ്രനഗർ -കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തണം.
റെയിൽവേ കോളനി, മലമ്പുഴ ഉൾപ്പെടെയുള്ള ടൗൺ ബസുകൾ ശേഖരീപുരം ബൈപാസ് മണലി വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി തിരിച്ചു പോകണം.
കോട്ടായി, പൂടുർ, പെരിങ്ങോട്ടുകുറിശ്ശി ഭാഗത്തു നിന്നുള്ള ബസുകൾ ടൗൺ സ്റ്റാൻഡിലാണ് എത്തേണ്ടത്.
കൊടുവായൂർ, യാക്കര ഭാഗത്തു നിന്നുള്ള ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടുന്തുരുത്തി പാലം ഹൈവേ വഴി കൽമണ്ഡപം സ്റ്റേഡിയം സ്റ്റാൻഡിലെത്തണം.