teacher

പാലക്കാട്: കേരള സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന ഏഴാം തരം തുല്യതാ കോഴ്സ് ആദ്യദിനം മികവുത്സവം പരീക്ഷയിൽ പാലക്കാട് 133 പേർ പരീക്ഷ എഴുതി. ജില്ലയിലെ 17 സെന്ററുകളിലായി നടന്ന പരീക്ഷയിൽ 82 സ്ത്രീകളും 51 പുരുഷന്മാരുമാണ് ഹാജരായത്. 29 പട്ടികജാതി വിഭാഗക്കാരും ഒൻപത് പട്ടികവർഗ വിഭാഗക്കാരും പരീക്ഷ എഴുതിയവരിൽ ഉൾപ്പെടും. പരീക്ഷാ കേന്ദ്രമായ
കുഴൽമന്ദം ബ്ലോക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ചോദ്യപേപ്പർ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ് അദ്ധ്യക്ഷനായി. പാലക്കാട് അയ്യപുരം കൽപ്പാത്തി ജി.എൽ.പി സ്‌കൂളിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി ചോദ്യപേപ്പർ വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാബിറ നിർദ്ദേശങ്ങൾ നൽകി. ജില്ലാ സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഡോ.മനോജ് സെബാസ്റ്റ്യൻ, അസി. കോഡിനേറ്റർ പി.വി.പാർവതി, സാക്ഷരതാ സമിതി അംഗങ്ങളായ ഒ.വിജയൻ മാസ്റ്റർ, പി.സി.ഏലിയാമ്മ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.
ജി.എൽ.പി.എസ് കൽപ്പാത്തിയിൽ പരീക്ഷ എഴുതിയ മരുതറോഡ് സ്വദേശിയായ 74 വയസുള്ള കന്തസ്വാമിയാണ് ജില്ലയിൽ പ്രായം കൂടിയ പഠിതാവ്. അലനല്ലൂർ പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ 17 വയസുള്ള ജയശ്രീയാണ് പ്രായം കുറഞ്ഞ പഠിതാവ്. തദ്ദേശ വകുപ്പിന്റെയും സ്‌കൂൾ അധികൃതരടേയും നേതൃത്വത്തിലാണ് പഠിതാക്കൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി പരീക്ഷകളാണ് ആദ്യ ദിനം പൂർത്തിയായത്. നാളെ സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ ഏഴാം തരം തുല്യത പരീക്ഷയും നാല് നവചന തുല്യതാ പരീക്ഷയും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.