agri

വടക്കഞ്ചേരി: കാട്ടാന, കാട്ടുപന്നി, മയിൽ, കുരങ്ങ്... വന്യമൃഗ ശല്യം രൂക്ഷമായതോടെ വീഴ്മലയുടെ താഴ്‌വാരത്ത് കർഷകർ കൃഷി ഉപേക്ഷിക്കുന്നു. ഇയ്യാനി, പഴഞ്ചേരി, പഴയമനങ്ങോട്, അമ്പാഴക്കോട്, കോഴിപ്പാടം, ഇടയോട് എന്നിവിടങ്ങളിലാണ് നൂറേക്കറോളം കൃഷിഭൂമി തരിശിട്ടിരിക്കുന്നത്. 50 ഓളം കർഷകരാണ് കൃഷി പാടെ ഉപേക്ഷിച്ചത്.

ഏതാനും വർഷം മുമ്പുവരെ നെല്ലും വാഴയും കപ്പയും പച്ചക്കറിയുമൊക്കെ വിളഞ്ഞ മണ്ണായിരുന്നു ഇവിടം. കാട്ടുപന്നിയും കുരങ്ങും മയിലുമൊക്കെ കൂട്ടത്തോടെ കൃഷിയിടത്തിലേക്കെത്തിയപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ കർഷകർ കൃഷി ഉപേക്ഷിക്കുകയായിരുന്നു. ഇതിൽ ഭൂരിഭാഗവും നെൽക്കൃഷിയായിരുന്നു. ഒരുഭാഗത്തെ കൃഷി നിർത്തുമ്പോൾ കാട്ടുപന്നി അടുത്ത കൃഷിയിടത്തിലേക്കിറങ്ങുന്നതിനാൽ ഓരോ വർഷവും കൃഷി നിർത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഉപജീവനമാർഗം ഇല്ലാതാകുന്നതോടെ കർഷകരുടെ ആധിയും ഏറുകയാണ്.

കാട്ടുപന്നിയെ കൊല്ലണമെന്ന് നിരവധിതവണ വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കർഷകർ പറഞ്ഞു. കാട്ടുപന്നിയെ കൊല്ലാൻ അധികാരമുണ്ടെങ്കിലും വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ഇതുവരെ ഒരു കാട്ടുപന്നിയെ പോലും വെടിവെച്ചു കൊന്നിട്ടില്ല.

നിലവിൽ മൂന്നുപേർക്ക് കാട്ടുപന്നിയെ കൊല്ലുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും കർഷകർ ആവശ്യപ്പെടുന്നതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും വടക്കഞ്ചേരി പഞ്ചായത്തധികൃതർ പറയുന്നു.

പന്നിക്കൂട്ടം നെൽക്കൃഷി നശിപ്പിച്ചതിനാൽ എട്ടുവർഷം മുമ്പ് നെല്ലുപേക്ഷിച്ച് തെങ്ങു വെച്ചെങ്കിലും കുരങ്ങുകളുടെ ശല്യം തിരിച്ചടിയായി. കുരങ്ങുകൾ തേങ്ങ മുഴുവൻ വലിച്ച് താഴെയിടുന്നു. 60 തെങ്ങുണ്ടെങ്കിലും കുരങ്ങുശല്യം കാരണം വീട്ടാവശ്യത്തിനുള്ള തേങ്ങ പണംകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്.

ഇ.കെ. പ്രേമദാസൻ,​ നാളികേര കർഷകൻ

കഴിഞ്ഞവർഷം നെല്ല് കതിരായപ്പോഴാണ് കാട്ടുപന്നിയെത്തിയത്. ഇത്തവണ ഞാറിട്ടപ്പോഴേക്കും പന്നിശല്യം രൂക്ഷമാണ്. ഞാറ്റടി മുഴുവൻ പന്നി കുത്തി നശിപ്പിച്ചു. ഇതോടെ അഞ്ചേക്കറിലെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് നെൽകർഷകർ പറയുന്നു.