jeep
മൃതദേഹം ജീപ്പിൽ കയറ്റി ഒറവൻപാടിയിലേക്ക് കൊണ്ടുപോകുന്നു.

മുതലമട: പറമ്പിക്കുളം തേക്കടി സേത്തുമട റോഡ് തകർന്നടിഞ്ഞത് മൂലം മൃതദേഹം ജീപ്പിൽ എത്തിച്ച് പറമ്പിക്കുളം ഒറവൻപാടി നഗറിലെ ഊരു നിവാസികൾ. ഒറവൻപാടി ആറുമുഖന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ജീപ്പിൽ കയറ്റി ഊരിലെത്തിച്ചത്. വർഷങ്ങളായി തമിഴ്നാട് തിരിപ്പൂരിൽ മകളുടെ കൂടെ താമസിച്ചിരുന്ന ആറുമുഖൻ കഴിഞ്ഞദിവസമാണ് മരിച്ചത്. സംസ്കാരത്തിനായി മൃതദേഹം നാട്ടിലേക്കു കൊണ്ടുവന്നു. എന്നാൽ ആംബുലൻസിന് എത്തിപ്പെടാൻ കഴിയാത്തതിനാൽ പറമ്പിക്കുളം 30 ഏക്കർ ഭാഗത്ത് നിന്ന് മൃതദേഹം ജീപ്പിൽ കയറ്റി ഒറവൻപാടി നഗറിൽ എത്തിക്കുകയായിരുന്നു. പറമ്പിക്കുളത്തെ ഒറവൻപാടിയിലേക്കുള്ള റോഡിലൂടെ വർഷങ്ങളായി ജീപ്പ് ഗതാഗതവും അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സർവീസും മാത്രമാണുള്ളത്. 18 കിലോമീറ്റർ ദൂരമുള്ള തേക്കടി പറമ്പികുളം ഒറവൻപാടിറോഡ് കഴിഞ്ഞ മഴയിലാണ് പൂർണമായും ഗതാഗതയോഗ്യമല്ലാതായത്. ചെളിയും പാറക്കല്ലുകളും മരങ്ങളും റോഡിന്റെ പല ഭാഗങ്ങളിലായി അടിഞ്ഞ് കിടക്കുന്നുണ്ട്. മഴക്കാലത്ത് റോഡിൽ കല്ലുകളും പാറകളും നിറഞ്ഞ് യാത്ര ദുർഘടമാവുക പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പലതവണ പെടുത്തിയിട്ടും ഇത് ഗതാഗതയോഗ്യമാക്കാൻ നടപടിയുണ്ടായില്ല. തേക്കടിയിൽ നിന്ന് ഒറവൻപാടിയിലേക്ക് വേറെ റോഡ് ഉണ്ടെങ്കിലും പറമ്പിക്കുളം തേക്കടി 30 ഏക്കർ റോഡാണ് ഉറവൻ പാടിക്കാർ കൂടുതൽ ഉപയോഗിക്കുന്നത്. 45ൽ അധികം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ഈ ഭാഗത്ത് ഗതാഗത സൗകര്യങ്ങൾ വളരെ കുറവാണ്. വയോധികരും ഗർഭിണികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ വസിക്കുന്ന ഒറവൻപാടിയിൽ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.