മണ്ണാർക്കാട്: കല്ലടിക്കോട് വാക്കോടിറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. മലങ്കാട്ടിൽ വത്സലകുമാരിയുടെ പത്തായപ്പുരയ്ക്ക് സമീപമുള്ള കൃഷിയിടത്തിലെ കൃഷികളാണ് നശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 4.30 നാണ് സംഭവം. കുട്ടിയാനയടക്കം അഞ്ച് ആനകളാണ് കൃഷിയിടത്തിലെത്തിയത്. അമ്പതിലധികം തെങ്ങിൻതൈകൾ, 45 കവുങ്ങിൻതൈ, 20 വാഴ, 30 റബ്ബർത്തൈകൾ തുടങ്ങിയവ നശിപ്പിച്ചു. റബ്ബർ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് ആനകളെ കണ്ടത്. അവർ ബഹളം വെച്ചതോടെ കാട്ടാനക്കൂട്ടം കാടുകയറുകയായിരുന്നു. തുടർന്ന്, ദ്രുതകർമസേന സ്ഥലം സന്ദർശിച്ചു. രണ്ടരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്ഥലമുടമ അറിയിച്ചു.