പാലക്കാട്: മുൻഗണനാ വിഭാഗത്തിലെ അന്ത്യോദയ അന്നയോജന വിഭാഗക്കാർക്ക് (മഞ്ഞ കാർഡ്) ഇത്തവണയും സൗജന്യ ഓണക്കിറ്റ് നൽകും. ജില്ലയിൽ 49,230 റേഷൻ കാർഡുടമകൾക്ക് ഓണക്കിറ്റ് ലഭിക്കും. 1,62,000 പേർക്കാണ് ഇതിന്റെ ഗുണമുണ്ടാകുക.
കഴിഞ്ഞ വർഷവും മഞ്ഞ കാർഡുകാർക്കാണ് കിറ്റ് നൽകിയത്. അതിനൊപ്പം മുൻ വർഷത്തെപ്പോലെ സർക്കാർ അനാഥാലയങ്ങളിലെയും വയോജന കേന്ദ്രങ്ങളിലെയും അന്തേവാസികൾക്കും കിറ്റ് ലഭിക്കും. നാലുപേർക്ക് ഒരു കിറ്റ് എന്ന നിലയിലാണ് വിതരണം. സെപ്‌തംബറിൽ വിതരണം ആരംഭിക്കും.
കഴിഞ്ഞവർഷവും ഓണക്കിറ്റിൽ 14 ഇനങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ വറ്റൽമുളകിന് പകരം മുളകുപൊടി കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റേഷൻകടകൾ വഴി ഓണത്തിന് പ്രത്യേകം അരിയും പഞ്ചസാരയും ലഭ്യമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. കൂടാതെ സപ്ലൈകോയുടെ ഓണച്ചന്തകളും ജില്ലാ ഓണച്ചന്തകളും സെപ്തംബർ നാലിന് ആരംഭിക്കും. ഉത്രാടംവരെ ഓണച്ചന്തകൾ പ്രവർത്തിക്കും.
14 ഇനങ്ങൾ അടങ്ങിയ കിറ്റ്
തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാകുക.