river
മംഗലം ഡാമിൽ നിന്ന് ആര്യൻകടവിലൂടെ ഒഴുകുന്ന പുഴ

വടക്കഞ്ചേരി: ഇടവേളയ്ക്കുശേഷം രണ്ടുദിവസമായി മഴ ശക്തമായതോടെ വെള്ളപ്പൊക്കഭീതിയിൽ ആര്യൻകടവ് നിവാസികൾ. മംഗലംഡാമിൽ നിന്നുള്ള പുഴയും കരിപ്പാലിപുഴയും സംഗമിക്കുന്ന പ്രദേശമാണ് വടക്കഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ ആര്യൻകടവ്. ഏതുസമയവും വെള്ളംപൊങ്ങാവുന്ന സ്ഥിതിയാണിവിടെ. 2007ലും പ്രളയമുണ്ടായ 2018, 2019 വർഷങ്ങളിലും കഴിഞ്ഞ ജൂലായ് 29ന് അർധരാത്രിയിലും പ്രദേശമാകെ മുങ്ങി. വെള്ളംപൊങ്ങിയാൽ ഇവിടെ നൂറ്റിയമ്പതോളം വീടുകളാണ് മുങ്ങുക. പഞ്ചായത്തിന്റെ മാലിന്യ യാർഡ് ഇവിടെയാണെന്നതും ദുരിതം ഇരട്ടിയാക്കുന്നു. വെള്ളം കയറുന്നതോടെ ഇവിടെനിന്നുള്ള മാലിന്യങ്ങളും വീടുകളിലെത്തും. ജൂലായ് 29ന് മംഗലംഡാമിന്റെ ഷട്ടറുകൾ നാലടിയോളം ഉയർത്തിയതും ആലത്തൂർ വീഴുമലയിലെ ഉരുൾപൊട്ടലും മൂലം അതിവേഗത്തിലാണ് രണ്ടുപുഴകളിലും വെള്ളംപൊങ്ങിയത്.

വെള്ളമിറങ്ങിയാലും തീരില്ല ദുരിതം

മംഗലംഡാമിൽനിന്നുള്ള വെള്ളത്തിനുപുറമെ പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിൽനിന്നുള്ള വെള്ളവും മറ്റു ചെറുതോടുകളിൽനിന്നുള്ള വെള്ളവുമാണ് മംഗലംപുഴ ആര്യൻകടവിലെത്തുക. വെള്ളംമുങ്ങിയ വീടുകൾ വൃത്തിയാക്കി പിന്നീടുള്ള താമസവും ഏറെ ദുഷ്‌കരമാണ്. മുറിക്കുള്ളിലെല്ലാം ചെളി നിറയും. എല്ലാ മാലിന്യങ്ങളും കുമിഞ്ഞുകൂടും. വീട്ടുസാധനങ്ങളെല്ലാം ചെളിയിൽ മുങ്ങിനശിക്കും. മലവെള്ള പാച്ചിലിനൊപ്പം ഒഴുകിയെത്തുന്ന ഉഗ്രവിഷമുള്ള പാമ്പുകളും ഇവിടത്തുകാരുടെ പേടി സ്വപ്നമാണ്. വെള്ളം ഇറങ്ങിയാലും വീടിനുള്ളിൽ പലയിടത്തും പാമ്പുകളുണ്ടാകും.

കിണറുകളിൽ ചെളിനിറഞ്ഞു വെള്ളം ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ കുറെക്കാലം കുടിവെള്ളംവരെ കാശുകൊടുത്തു വാങ്ങണം. മംഗലം ഡാമിന്റെ ഷട്ടറുകൾ പെട്ടെന്ന് കൂടുതൽ ഉയർത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇവിടുത്തെ വെള്ളപ്പൊക്കത്തിനു പരിഹാരമെന്ന് പ്രദേശവാസികൾ പറയുന്നു. നിശ്ചിത ജലനിരപ്പ് ആകുമ്പോൾ ഡാമിലെ വെള്ളം തുറന്നു വിടണം. ജലനിരപ്പ് പരമാവധി ശേഷിയിലെത്തുന്നതിനു വളരെ മുമ്പേ വെള്ളം കൂടുതലായി ഒഴുക്കിക്കളഞ്ഞ് വൃഷ്ടിപ്രദേശത്തുണ്ടാകുന്ന ഉരുൾപൊട്ടുലുകളിലെ വെള്ളംകൂടി ഉൾക്കൊള്ളാവുന്നവിധം ഡാമിലെ ജലനിരപ്പ് ക്രമീകരിച്ചു നിർത്തണമെന്നാണ് വിദഗ്ധാഭിപ്രായം.