പട്ടാമ്പി: നിലമ്പൂർ-ഗുരുവായൂർ സംസ്ഥാന പാതയോരത്ത് പട്ടാമ്പിക്കും കൂറ്റനാടിനുമിടയിൽ സ്ഥിതി ചെയ്യുന്ന കട്ടിൽമാടം കോട്ടയ്ക്ക് പുരാവസ്തു വകുപ്പ് സംരക്ഷണ കവചം തീർത്തു. പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെയാണ് താൽക്കാലിക സുരക്ഷയ്ക്കായി ക്രാഷ് ബാരിയർ സ്ഥാപിച്ചത്. നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡരികിലായതിനാൽ ചരിത്ര സ്മാരകത്തിന് സുരക്ഷാ ഭീഷണി നിലനിന്നിരുന്നു.
ഭാരമേറിയ ടോറസുകളും കണ്ടെയ്നറുകളും കടന്നു പോകുന്ന നിരത്തിൽ പലവട്ടം ചരക്കു വാഹനങ്ങൾ ഇടിച്ചു കയറിയിട്ടുണ്ട്. ഇതിനെത്തുടർന്ന് സ്തൂപത്തിന്റെ മുകൾ ഭാഗത്ത് കരിങ്കൽ ശില്പം അടർന്നു വീണിരുന്നു. ക്രാഷ് ബാരിയർ സ്ഥാപിച്ചതോടെ അപകട ഭീഷണി തൽക്കാലം ഒഴിവായിട്ടുണ്ട്. കാലപ്പഴക്കത്താൽ കോട്ടയുടെ മുഖ കവാടത്തിലെ കൂറ്റൻ കരിങ്കൽ പാളികൾ അടർന്നുവീണെങ്കിലും പിൻഭാഗത്ത് കാര്യമായ പോറൽ ഏറ്റിട്ടില്ല.
2004 ജനുവരിയിലാണ് ലാൻഡ് റവന്യൂ കമ്മീഷണർ കട്ടിൽമാടം കോട്ടയുടെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിന് കൈമാറിയത്. നേരത്തെ ഇത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായിരുന്നുവെങ്കിലും ചരിത്ര സ്മാരകം സംരക്ഷിക്കാൻ യാതൊരു നടപടിയും എടുത്തിരുന്നില്ല. എന്നാൽ കൈമാറി കിട്ടിയ ശേഷം ഒരു ബോർഡ് വെച്ചതല്ലാതെ പുരാവസ്തു വകുപ്പുകാരും സംരക്ഷണ പരിചരണ നടപടികൾ സ്വീകരിക്കാൻ വിമുഖരായിരുന്നു.
അജ്ഞാത സംസ്‌കൃതി തുളുമ്പുന്ന കട്ടിൽമാടം കോട്ട അനാഥാവസ്ഥയിലാണെന്ന പരാതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചതുരാകൃതിയിലുള്ള ഈ കരിങ്കൽ ശില്പം കരവിരുതിന്റേയും നിർമ്മാണ വൈദഗ്ദ്യത്തിന്റേയും സമ്മോഹന സ്മാരകമാണ്. ദക്ഷിണേന്ത്യ മുഴുവൻ നൂറ്റാണ്ടുകളോളം ബുദ്ധ ജൈനമതങ്ങളുടെ സ്വാധീനതയിലായിരുന്ന കാലത്ത് നിർമ്മിച്ചതാണിത്. കരിങ്കൽ ശില്പത്തിൽ ജൈനമത തീർത്ഥങ്കരൻമാരുടെ രൂപമാണ് കാണുന്നതെന്ന് ചരിത്ര ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്.