spirit
തമിഴ് നാട് അതി‌ർത്തിയിൽ എല്ലപാട്ടൻ കോവിലിനു സമീപം തെങ്ങിൻ തോപ്പിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്പിരിറ്റ് ശേഖരം.

ചിറ്റൂർ: തമിഴ്നാട് അതിർത്തിയിൽ എരുത്തേമ്പതി-എല്ലപാട്ടൻ കോവിലിനു സമീപത്തെ തെങ്ങിൻതോപ്പിൽ ഒളിപ്പിച്ച നിലയിൽ വൻ സ്പിരിറ്റ് ശേഖരം കണ്ടെത്തി. 35 ലിറ്ററിന്റെ 80 കാനുകളിലായി സൂക്ഷിച്ചിരുന്ന 2800 ലിറ്റർ സ്പിരിറ്റാണ് പൊലീസ് പിടികൂടിയത്. തെങ്ങിൻ തോട്ടത്തിലെ ജീവനക്കാരനായ കള്ളിയമ്പാറ സ്വദേശി എ.സെന്തിലിനെ പിടികൂടി. തെങ്ങിൻ തോട്ടത്തിന് നടുവിൽ കുഴിയെടുത്ത് സ്പിരിറ്റ് കാനുകൾ സൂക്ഷിക്കുകയും അതിനുമുകളിൽ തെങ്ങോലയിട്ട് മറച്ച നിലയിലുമായിരുന്നു. കൃത്രിമ കള്ള് നിർമ്മാണത്തിനു വേണ്ടിയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാജമായി നിർമ്മിക്കുന്ന കള്ളിൽ കലർത്താൻ സമീപത്തെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന രണ്ടു ചാക്ക് പ്രത്യക തരം പൗഡറും പേസ്റ്റും പിടികൂടി. കള്ളിന്റെ വീര്യം കൂട്ടാൻ കലർത്തുന്നതിനായി സൂക്ഷിച്ചിരുന്നവയാണ് ഇതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. ചിറ്റൂർ മേഖലയിലെ സമീപകാലത്തെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.