stadium

പാലക്കാട്: ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം നവീകരണത്തിനൊരുങ്ങുന്നു. മൂന്നരപ്പതിറ്റാണ്ടോളം പഴക്കമുള്ള സ്റ്റേഡിയം 40 കോടി രൂപ ചെലവിട്ടാകും ആധുനിക രീതിയിൽ നവീകരിക്കുക.

സുൽത്താൻപേട്ട, കൽമണ്ഡപം റോഡ്, സ്റ്റേഡിയം ബൈപാസ്, പാളയപേട്ട റോഡ് എന്നിങ്ങനെ മൂന്നു റോഡുകൾക്ക് അഭിമുഖമായി പത്തേക്കറിലായാണ് മുനിസിപ്പൽ സ്റ്റേഡിയമുള്ളത്. സ്റ്റേഡിയം നവീകരണത്തിനായി നഗരസഭ അനുമതി നൽകിയതോടെ ഇനി പ്രവൃത്തികൾക്ക് വേഗമേറും. മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശവും നഗരസഭയ്ക്കായതിനാൽ ഇതിൽ നിന്നുള്ള വരുമാനമുപയോഗിച്ച് സ്റ്റേഡിയം പരിപാലിക്കുന്നതിനുള്ള ചെലവും കണ്ടെത്താനാകും.

വർഷങ്ങളായി നവീകരണമില്ലാതെ കാടുകയറിയ സ്റ്റേഡിയം ഇപ്പോൾ പാർക്കിംഗ് കേന്ദ്രവും സാമൂഹിക വിരുദ്ധരുടെ താവളവുമായി മാറിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് നഗരസഭ കൂടി മുൻകൈയ്യെടുത്ത് സ്റ്റേഡിയം നവീകരണത്തിനൊരുങ്ങുന്നത്. സ്റ്റേഡിയം ഗ്രൗണ്ടിന് ചുറ്റും നേരത്തെ വഴിയോര കച്ചവടക്കാർക്കുള്ള ബങ്കുകൾ നിർമ്മിക്കാനും നഗരസഭ പദ്ധതിയിട്ടിരുന്നു. നിലവിൽ സ്റ്റേഡിയം ഗ്രൗണ്ട് മേളകൾക്കും നൽകുന്നതിലൂടെ നഗരസഭയ്ക്ക് നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. നിരവധി ദേശീയ -അന്തർദേശീയ കായിക താരങ്ങളുള്ള ജില്ലയിൽ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം നവീകരണത്തിനൊരുങ്ങുമ്പോൾ ജില്ലയുടെ എന്നല്ല സംസ്ഥാനത്തെ തന്നെ കായിക സ്വപ്നങ്ങൾക്ക് പുത്തൻ പ്രതീക്ഷയാവുകയാണ്.

നിരവധി പരിപാടികൾക്ക് സാക്ഷ്യം വഹിച്ച സ്റ്റേഡിയം

1994 -95 വരെ ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ നിയന്ത്രണത്തിലായിരുന്നു മുനിസിപ്പൽ സ്റ്റേഡിയം. 1988 ൽ സജ്ജമായ മുനിസിപ്പൽ സ്റ്റേഡിയത്തിൽ അതേ വർഷംതന്നെ ദേശീയ ജൂനിയർ ഫുട്‌ബാൾ മത്സരത്തോടെയാണ് കളിയരങ്ങുകൾക്ക് തുടക്കമിട്ടത്. പിന്നീട് 1991 ൽ 23 വയസിൽ താഴെയുള്ളവർക്കുള്ള സന്തോഷ് ട്രോഫി, രണ്ടുതവണ അന്തർജില്ലാ ഫുട്‌ബാൾ മത്സരങ്ങളും നടന്നിട്ടുണ്ട്. അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പർക്കപരിപാടി, ചലച്ചിത്ര താരനിശ എന്നിവയടക്കം ഇക്കാലയളവിൽ നൂറുകണക്കിന് എക്സിബിഷനുകളും മേളങ്ങൾക്കുമാണ് മുനിസിപ്പൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടുള്ളത്.

പുതിയ സ്റ്റേഡിയത്തിലുള്ളത്

ആധുനിക ഫുട്ബാൾ മൈതാനം, ഷോപ്പിംഗ് കോംപ്ലക്സ്, കാർ പാർക്കിംഗ്, ടോയ്‌ലറ്റ്, ഫുഡ്‌കോർട്ട്, റസ്റ്റ് റൂം, കുടിവെള്ളം, അന്വേഷണ കൗണ്ടർ, സി.സി.ടി.വി എന്നിവയൊക്കെ അടങ്ങുന്നതാണ് പുതിയ സ്റ്റേഡിയം മൈതാനം.