പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ത്രിദിന അഖില ഭാരതീയ സമന്വയ ബൈഠക്കിന് പാലക്കാട് അഹല്യ കാമ്പസിൽ തുടക്കമായി. ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത്,സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ,സംഘത്തിന്റെ ആറ് സഹസർകാര്യവാഹകന്മാർ,മറ്റ് ദേശീയ ഭാരവാഹികളും ബൈഠക്കിൽ പങ്കെടുക്കുന്നുണ്ട്.
യോഗത്തിൽ രാഷ്ട്ര സേവിക സമിതി സഞ്ചാലിക ശാന്തക്ക,കാര്യവാഹിക സീത അന്നദാനം,വനവാസി കല്യാൺ ആശ്രമം അദ്ധ്യക്ഷൻ സത്യേന്ദ്ര സിംഗ്,പൂർവ്വ സൈനിക സേവാ പരിഷത്ത് അദ്ധ്യക്ഷൻ ലെഫ്.ജന. (റിട്ട.) വി.കെ. ചതുർവേദി,ഗ്രാഹക് പഞ്ചായത്ത് അദ്ധ്യക്ഷൻ നാരായൺ ഭായ് ഷാ,വിശ്വഹിന്ദു പരിഷത്ത് അദ്ധ്യക്ഷൻ അലോക് കുമാർ,ജനറൽ സെക്രട്ടറി ബജ്രംഗ് ബഗ്ര,എ.ബി.വി.പി സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാൻ,ബി.ജെ.പി അദ്ധ്യക്ഷൻ ജെ. പി നദ്ദ, ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്,വിദ്യാഭാരതി അദ്ധ്യക്ഷൻ ശ്രീരാമകൃഷ്ണ റാവു,ബി.എം.എസ് അദ്ധ്യക്ഷൻ ഹിരൺമയ് പാണ്ഡ്യ,ആരോഗ്യഭാരതി അദ്ധ്യക്ഷൻ ഡോ. രാകേഷ് പണ്ഡിറ്റ് തുടങ്ങി 300ഓളം ഭാരവാഹികളും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.
വയനാട്ടിൽ അടുത്തിടെയുണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ചും സ്വയംസേവകർ നടത്തിയ ദുരിതാശ്വാസസേവന പ്രവർത്തനങ്ങളെക്കുറിച്ചും യോഗാരംഭത്തിൽ വിശദീകരിച്ചു. യോഗത്തിൽ വിവിധ സംഘടനകളുടെ പ്രതിനിധികൾ തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ബൈഠക്ക് നാളെ വൈകിട്ട് 6ന് സമാപിക്കും.
മുണ്ടക്കൈ പുഞ്ചിരിമട്ടത്ത്
നേരിയ മണ്ണിടിച്ചിൽ
പ്രദീപ് മാനന്തവാടി
മേപ്പാടി: മുണ്ടക്കൈ പുഞ്ചിരിമട്ടത്തിന് അകലെ വനമേഖലയിൽ നേരിയ മണ്ണടിച്ചിൽ. മഴ തുടരുന്ന സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് രാത്രികാലങ്ങളിൽ ശക്തമായ മഴയുണ്ട്. സന്നദ്ധപ്രവർത്തകർ മാത്രമാണ് ഇപ്പോൾ ദുരന്തമേഖലയിലേക്ക് പ്രവേശിക്കുന്നത്. വിദഗ്ദ്ധസംഘവും പ്രദേശത്ത് സന്ദർശനം നടത്തുന്നുണ്ട്. ദുരന്തസ്ഥലം കാണാനെത്തുന്നവരെ തിരിച്ചയയ്ക്കുകയാണ്. പ്രതികൂല കാലാവസ്ഥയിൽ സന്ദർശനം കർശനമായി നിയന്ത്രിക്കാനാണ് തീരുമാനം. ശനിയാഴ്ചത്തെ മണ്ണിടിച്ചിലിനെ തുടർന്ന് പുഴയിൽ നീരൊഴുക്ക് കാര്യമായി വർദ്ധിച്ചില്ലെങ്കിലും വെള്ളം കലങ്ങിയൊഴുകുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
ഹരിപ്പാട്ട് പഞ്ചായത്ത് പ്രസിഡന്റടക്കം
36പേർ സി.പി.എമ്മിൽ നിന്ന് രാജിവച്ചു
ഹരിപ്പാട് : സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് ആരംഭിക്കാനിരിക്കെ, രൂക്ഷമായ വിഭാഗീയതയെ തുടർന്ന് ഹരിപ്പാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റടക്കം 36പേർ പാർട്ടിയിൽ നിന്ന് രാജിവച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലാ സെക്രട്ടറി ആർ.നാസറിനുമാണ് രാജിക്കത്ത് നൽകിയത്.
ജില്ലാ സെക്രട്ടേറിയറ്റംഗം എം.സത്യപാലൻ പ്രസിഡന്റായിരുന്ന കുമാരപുരം 1449ാം നമ്പർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ ഏരിയ കമ്മിറ്റി മുൻഅംഗം ബിജു ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. ഇതിനുശേഷം ഹരിപ്പാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ പരാതി നൽകിയ ബിജുവിനെ ഒഴിവാക്കി. പിന്നീട് ഉൾപ്പെടുത്താമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും പാലിച്ചില്ല. തുടർന്നാണ് കൂട്ടരാജി.