പട്ടാമ്പി: ഡൽഹിയിൽ നടക്കുന്ന തൽസൈനിക് ക്യാമ്പിൽ ഈ വർഷവും പട്ടാമ്പി കോളേജ് എൻ.സി.സിക്ക് പങ്കാളിത്തം. തുടർച്ചയായി മൂന്നാം വർഷമാണ് കോളെജിലെ എൻ.സി.സി കേഡറ്റുകൾക്ക് ഈ അവസരം ലഭിക്കുന്നത്. രണ്ടാം വർഷ കൊമേഴ്സ് വിദ്യാർത്ഥിയായ എം.നിരഞ്ജനാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. വാണിയംകുളം മൂരിത്തൊടി അനിൽകുമാർ ദീപ ദമ്പതികളുടെ മകനാണ് നിരഞ്ജൻ. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും തെരെത്തെടുക്കപ്പെടുന്ന കേഡറ്റുകളുടെ കഴിവുകൾ മാറ്റുരക്കുന്ന ക്യാമ്പ് കൂടിയാണിത്. 81 കുട്ടികളാണ് ഇത്തവണ കേരളത്തെ പ്രതിനിധീകരിക്കുന്നത്. പ്രധാനമായും ആറ് ഇനങ്ങളിലാണ് മത്സരം. സെപ്തംബർ 2 മുതൽ 12 വരെ യാണ് ക്യാമ്പ്. ഹെൽത്ത് ആൻഡ് ഹൈജീൻ വിഭാഗത്തിലാണ് നിരഞ്ജൻ മാറ്റുരക്കുക. കഴിഞ്ഞ വർഷം എ.കെ.ആദർശ്, കെ.ഹംസ എന്നിവർക്ക് സെലക്ഷൻ ലഭിച്ചിരുന്നു. 2022 ൽ പി.അശ്വിൻ ശങ്കർ, അർജ്ജുൻ എം.ദാസ് എന്നിവരാണ് ക്യാമ്പിൽ പങ്കെടുത്തത്. ഡൽഹിയിലേക്ക് പുറപ്പെട്ട നിരഞ്ജനെ പ്രിൻസിപ്പൽ സി.ഡി.ദിലീപ്, എൻ.സി.സി ഓഫീസർ ഡോ.എ.പ്രമോദ്, മുൻ എ.എൻ.ഒ ക്യാപ്റ്റൻ ഡോ.പി.അബ്ദു, അലുംനി ഭാരവാഹികളായ ശരീഫ് തുമ്പിൽ, സി.യു.മനോജ്കുമാർ തുടങ്ങിയവർ അനുമോദിച്ചു.