a

കോന്നി: സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി വർക്കർ, ഹെൽപ്പർമാർക്ക് പ്രതിമാസ പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി . ഇതോടെ മരുന്നിനു പോലും വകയില്ലാതായ പലരും ലോട്ടറി കച്ചവടത്തിനും വീട്ടുജോലികൾക്കും തൊഴിലുറപ്പ് ജോലികൾക്കും പോവുകയാണ്. ജീവിത സായാഹ്നത്തിൽ രോഗത്താലും പ്രായാധിക്യത്താലും വിഷമിക്കുന്ന പതിനായിരങ്ങളാണ് മരുന്നിനും നിത്യച്ചെലവിനും വകയില്ലാതെ വലയുന്നത്. 1992 ൽ രൂപീകരിച്ച കേരള അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിൽ സ്വരൂപിച്ചിട്ടുള്ള തുക ഉപയോഗിച്ചാണ് പെൻഷൻ വിതരണം ചെയ്യുന്നത്. അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിൽ 10 വർഷമോ അതിൽ കൂടുതലോ ജോലി ചെയ്തവരും ക്ഷേമനിധിയിൽ അംഗത്വമുള്ളവരും ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിൽ മുടക്കം വരുത്താത്തവരുമായ ജീവനക്കാർക്ക് 62 വയസ് തികയുന്ന തീയതി മുതലാണ് പെൻഷൻ ലഭിക്കുന്നത്. വർക്കർമാർക്ക് 2500 രൂപയും ഹെൽപ്പർമാർക്ക് 1500 രൂപയുമാണ് പെൻഷൻ തുക. 2010 ആഗസ്റ്രിലാണ് അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതി ആരംഭിച്ചത്.

സംസ്ഥാനത്ത് 33,155 അംഗൻവാടികളാണുള്ളത്. വർക്കറും, ഹെൽപ്പറും ആയി 66,310 ജീവനക്കാരും. വർക്കറിൽ നിന്ന് 500 രൂപയും ഹെൽപ്പറിൽ നിന്ന് 250 രൂപയും ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കുന്നുണ്ട്. 35 വർഷത്തിലധികമായ ജോലി ചെയ്തതിനുശേഷം 62 വയസ്സിൽ വിരമിച്ചവർക്ക് തുടർന്നുള്ള മാസം മുതൽ മറ്റ് ജോലികൾ തേടി പോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇവരിൽ പലരും ജീവിതശൈലി രോഗങ്ങളുടെ പിടിയിലുമാണ്.

ജീവനക്കാർക്ക് ജോലിഭാരമേറെ

നിലവിൽ അങ്കണവാടികളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ബൂത്ത് ലെവൽ ഓഫീസർ ജോലി വരെ ചെയ്യണം. സാമൂഹ്യനീതി വകുപ്പ് രണ്ടാക്കി വനിത ശിശു വികസന വകുപ്പിന്റെ കീഴിലേക്ക് അങ്കണവാടികളെ ഉൾപ്പെടുത്തിയെങ്കിലും പഞ്ചായത്ത്, ബ്ലോക്ക് തലത്തിലും സാമൂഹ്യനീതി വകുപ്പിന്റെ മുഴുവൻ ജോലികളും ഇവർ ചെയ്യേണ്ടിവരുന്നു. വയോജനക്ഷേമം, ഭിന്നശേഷിക്കാർക്കുള്ള ക്ഷമ പ്രവർത്തനങ്ങൾ, വിവിധ സർക്കാർ സർവേകൾ, ആരോഗ്യവകുപ്പിന്റെ ജോലികൾ എന്നിവയും ചെയ്യണം.

പെൻഷൻ

വർക്കർമാർക്ക് 2500 രൂപ

ഹെൽപ്പർമാർക്ക് 1500 രൂപ