മാന്നാർ: ഇരമത്തൂരിൽ 15വർഷം മുൻപ് മീനത്തേതിൽ കല എന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് രാഷ്ട്രീയ ജനതാദൾ ആവശ്യപ്പെട്ടു. കൊലപാതകത്തിൽ ഇതുവരെയുണ്ടായ അന്വേഷണങ്ങൾ തൃപ്തികരമല്ല. കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട കലയുടെ സഹോദരൻ അനിൽകുമാറിനെയും ഭാര്യ ശോഭനയെയും വീട്ടിലെത്തി ആർ.ജെ.ഡി നേതാക്കൾ സന്ദർശിച്ചു. ഇസ്രയേലുള്ള ഒന്നാം പ്രതി അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കേസിൽ കസ്റ്റഡിയിലെടുത്തിരുന്നവരിൽ പലരും പിന്നീട് മാപ്പുസാക്ഷികളായിമാറിയത് കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണന്ന് സംശയമുണ്ടന്ന് നേതാക്കൾ പറഞ്ഞു. പ്രതികളെ സംരക്ഷിക്കാനും തെളിവുകൾ നശിപ്പിക്കാനും അതുവഴി കേസ് അട്ടിമറിക്കാനും ഏതുഭാഗത്തുനിന്ന് ശ്രമമുണ്ടായാലും അതിനെ ശക്തമായി എതിർക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ, ജില്ലാ ഉപാദ്ധ്യക്ഷൻ ആർ.പ്രസന്നൻ, അജിത് ആയിക്കാട്, സാം ജേക്കബ്, മനു പാണ്ടനാട്, അനിൽകുമാർ പാലത്തറ, ബി.വിനോദ്, ജെ.ശ്രീകല, എസ്.ശ്രീകുമാർ, എം.ആർ.രതീഷ്, പി.ആർ.സച്ചിതാനന്ദൻ, എം.വി.പ്രസാദ് എന്നിവർ പങ്കെടുത്തു.