പത്തനംതിട്ട : ജനറൽ ആശുപത്രിയിലേക്കെത്തുന്ന പ്രധാന റോഡ് തന്നെ കുളമായിരിക്കുകയാണ്. ഒരുവർഷമാകുന്നതേയുള്ളു ഡോക്ടേഴ്സ് ലെയിൻ റോഡിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞ് തുറന്നുനൽകിയിട്ട്. 28 ലക്ഷം രൂപ മുടക്കി നിർമ്മാണം നടത്തിയ റോഡാണിത്. ഇവിടെ വെള്ളക്കെട്ടും മാലിന്യവും നിറഞ്ഞിരിക്കുകയാണ്. ആംബുലൻസുകളടക്കം ഈ റോഡിലൂടെയാണ് പോകുന്നത്.
ആശുപത്രിയിലേക്കുള്ള പ്രധാന റോഡായതിൽ പിന്നെ ഇവിടെ തിരക്കൊഴിഞ്ഞ സമയമില്ല. ഇതിനിടെ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളുടെ നീണ്ട പാർക്കിംഗ്. ആകെ ഒരു കിലോമീറ്ററോളം ദൂരമുള്ള റോഡിന് മൂന്ന് മീറ്റർ വീതിയാണുള്ളത്. ഒരു ഭാഗം പാർക്കിംഗിനും മറുഭാഗം വാഹനങ്ങൾ കടന്നുപോകാനുമായി കഷ്ടിച്ച് സ്ഥലം മാത്രമേയുള്ളു. ഓടയുടെ മുകളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
കോളേജ് ജംഗ്ഷൻ റോഡിൽ നിന്ന് ടി.കെ റോഡിലേക്കുള്ള എളുപ്പവഴിയാണിത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാത. കോൺക്രീറ്റ് മാറി റോഡിൽ പലയിടത്തും കുഴികൾ നിറഞ്ഞിരിക്കുകയാണ്. മഴ പെയ്താൽ വലിയ കുഴി രൂപപ്പെട്ട് വെള്ളക്കെട്ടാണ്.
ഈ റോഡിനരികിലാണ് അമ്മത്തൊട്ടിലുമുള്ളത്. ഇതിന് മുമ്പിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്.
നഗരത്തിലെ തിരക്കേറിയതും വീതി കുറഞ്ഞതുമായ റോഡുകൂടിയാണിത്. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉച്ചയ്ക്ക് ശേഷം പ്രാക്ടീസ് നടത്തുന്നത് ഡോക്ടേഴ്‌സ് ലെയിനിന് സമീപത്തെ വീടുകളിലാണ്. ഉച്ചയ്ക്ക് ശേഷം ആശുപത്രിയിലെത്തുന്നവരും മറ്റ് യാത്രക്കാരുമാകുമ്പോൾ റോഡിൽ വൻതിരക്കാണ്.
"വലിയ തിരക്കാണ് ഈ റോഡിൽ . പരിസരം മുഴുവൻ കാട് വളർന്നിട്ടുമുണ്ട്. സ്ഥലമില്ലാത്ത റോഡിൽ നിരവധി വാഹനങ്ങളാണ് വന്നുപോകുന്നത്."
ബിനോയി തോമസ്
(ഓട്ടോ റിക്ഷാ ഡ്രൈവർ)