കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി ടൗണിലെ മാലിന്യം നിറഞ്ഞ അടഞ്ഞ ഓടകൾ കെ.എസ്.ടി.പി അധികൃതർ പൊളിച്ച് അടിഞ്ഞുകൂടിയ മാലിന്യം നീക്കി തുടങ്ങി. നഗരത്തിലെ ഓടകളിൽ മാലിന്യം നിറഞ്ഞതിനെ തുടർന്ന് വെള്ളം ഒഴുകി പോകാൻ കഴിയാതായ വാർത്ത കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.
നഗരത്തിലെ ഓടകളിലെ ദ്വാരങ്ങൾ വഴിയാണ് പലരും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓടക്കുള്ളിൽ ഉപേക്ഷിച്ചിരുന്നത്. റോഡിന് പുറമേ നോക്കുമ്പോൾ ഓടകൾക്കെല്ലാം മൂടിയുള്ളതിനാൽ മാലിന്യങ്ങൾ കാണാൻ കഴിയില്ലായിരുന്നു. എന്നാൽ ഓടകളിൽ മാലിന്യം കെട്ടിക്കിടന്ന് വെള്ളം ഒലിച്ചു പോകാൻ കഴിയാതെ കൊതുകും കൂത്താടിയും പെരുകുന്ന അവസ്ഥയിലായിരുന്നു നഗരം. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലെയും നാരായണപുരം ചന്തയിലേയും അവശിഷ്ടങ്ങൾ ഇവിടെയാണ് തള്ളുന്നത്. മാമൂട്, റിപ്പബ്ലിക്കൻ സ്കൂൾ, പഞ്ചായത്ത് ബസ് സ്റ്റാൻഡ്, സെൻട്രൽ ജംഗ്ഷൻ, നാരായണപുരം ചന്ത, ചൈനമുക്ക്, മാരൂർ പാലം, എലിയറക്കൽ എന്നിവിടങ്ങളിൽ എല്ലാം ഇത്തരത്തിൽ മാലിന്യം ഓടകളിൽ അടിഞ്ഞുകൂടി കിടക്കുകയായിരുന്നു. ചെറിയ മഴ പെയ്താൽ പോലും കോന്നി നഗരത്തിൽ നിറയുന്ന മഴ വെള്ളം ഓടയിൽ കൂടി ഒഴുകാത്ത അവസ്ഥയിലായിരുന്നു.
.................................
നഗരത്തിലെ ഓടകളിൽ മാലിന്യം കെട്ടിക്കിടന്ന് വെള്ളമൊഴുക്ക് നിലച്ച വാർത്ത കേരള കൗമുദി റിപ്പോർട്ട് ചെയ്തത്
കണ്ടിരുന്നു. ഇതേ തുടർന്നാണ് ഓടകളിലെ മാലിന്യം നീക്കം ചെയ്യാൻ കെ.എസ്.ടി.പി അധികൃതരോട് ആവശ്യപ്പെട്ടത്.
ആനി സാബു
( പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് )