ചെങ്ങന്നൂർ : പമ്പയുടെയും മണിമലയുടെയും സ്വഭാവിക നദീബന്ധനമായ വരട്ടാർ- ആദിപമ്പയുടെ പുനരുജ്ജീവനത്തിനായി കർമ്മപദ്ധതി തയാറാക്കുന്നു. അടുത്ത മൂന്നുവർഷത്തിനുള്ളിൽ നദിയെ പൂർണമായും വീണ്ടെടുക്കുകയാണ് ലക്ഷ്യം. വരട്ടാർ- ആദിപമ്പയിലെ 6.5 ലക്ഷം ക്യൂബിക് മീറ്റർ മണ്ണും ചെളിയും നീക്കാനാണ് ജലസേചനവകുപ്പ് കർമപദ്ധതി തയാറാക്കുന്നത്. തീരവാസികൾക്ക് ദോഷമുണ്ടാക്കാത്തതരത്തിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന. യന്ത്രങ്ങളുപയോഗിച്ച് മണ്ണുനീക്കുമ്പോൾ തീരമിടിയുന്നെന്ന പരാതിയുയർന്നിരുന്നു. 13.6 കിലോമീറ്റർ വരുന്ന നദിയുടെ രണ്ടരക്കിലോമീറ്റർ മാത്രമാണ് നേരത്തേ നവീകരിച്ചത്. ആദിപമ്പ തുടങ്ങുന്ന വഞ്ചിപ്പോട്ടിൽക്കടവു മുതലുള്ള ഭാഗത്താണ് നവീകരണം നടന്നത്. ഈ ഭാഗത്ത് വീതി കുറവാണെങ്കിലും ആദിപമ്പ തെളിനീരായി ഒഴുകുന്നത് പ്രതീക്ഷ നൽകുന്നു. കാലാവസ്ഥ അനുകൂലമായാൽ വരട്ടാർ പുനരുജ്ജീവനപദ്ധതിക്ക് വേഗംകൂടും. അതേസമയം ആദിപമ്പ തുടങ്ങുന്നിടത്ത് പമ്പയിൽനിന്നുള്ള എക്കലടിയുന്നുണ്ട്. വൃത്തിയാക്കിയ ഭാഗം സംരക്ഷിക്കാൻ തുടർനടപടിയില്ലാത്തതാണ് കാരണം. പടിഞ്ഞാറ് പ്രവൃത്തി തുടങ്ങുമ്പോൾ
മുളങ്കാടുകൾ വെട്ടിമാറ്റുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. വരട്ടാറിലെ ചെളിയും മലിനജലവും നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നദിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ കൊതുകിന്റെ സാന്ദ്രത ഉയരുന്നത് ആശങ്ക ഉയരുന്നുണ്ട്. വരട്ടാറിന്റെ കൈവഴിയായ മുളന്തോട്ടിലടക്കം വലിയതോതിൽ മാലിന്യമുണ്ട്. തീരങ്ങളിലെ ജലസ്രോതസുകളിലേക്ക് മലിനജലം ഊർന്നിറങ്ങുന്നതും തീരവാസികളെ ആശങ്കപ്പെടുത്തുന്നു. വെള്ളപ്പൊക്കം നിയന്ത്രിക്കാനും നദിയെ വീണ്ടെടുക്കാനുമായാണ് വരട്ടാർ പുനരുജ്ജീവനപദ്ധതി തുടങ്ങിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മഴവിൽ പാലങ്ങൾ ആയിരുന്നു വിഭാവനം ചെയ്തിരുന്നതെന്ന് വരട്ടാർ സംരക്ഷണ സമിതി പ്രവർത്തകൻ സജി തിരുമൂലപുരം പറഞ്ഞു.
................
ഹരിത കേരള മിഷൻ 2017 ൽ മുൻ മന്ത്രി തോമസ് ഐസകും , മാത്യു ടി തോമസും ചേർന്ന് വർട്ടാർ നദി നടത്തം (റിവർ വോക്ക്) നടത്തി. ഇത് ഒരു വലിയ പുനരുജ്ജീവന പദ്ധതിയുടെ തുടക്കം ആയിരുന്നു. പിന്നീട് ഇതിന് പല തടസങ്ങൾ ഉണ്ടായി.
പുരുഷോത്തമൻ ( സ്കൂൾ അദ്ധ്യാപകൻ)
സ്ഥല വാസി
................................
വരട്ടാറിന് 9.6 കി.മീറ്റർ ദൈർഘ്യം