അടൂർ : ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലുള്ള തിളങ്ങുന്ന മലനിര എന്നറിയപ്പെടുന്ന കിളിമഞ്ചാരോയിലെ ഉഹ്‌റു കൊടുമുടി കാൽച്ചുവട്ടിലാക്കിയ സന്തോഷത്തിലാണ് അടൂർ സ്വദേശിനി സോനു സോമൻ. ശാരീരികക്ഷമത നിലനിറുത്താനായി ഭക്ഷണം ക്രമീകരിച്ചും കൃത്യമായി വ്യായാമം ചെയ്തും മനസിനെയും ശരീരത്തെയും പാകപ്പെടുത്തിയ സോനു കഴിഞ്ഞ എട്ടിനാണ് കിളിമഞ്ചാരോയിലെ സാഹസിക യാത്രയ്ക്കായി പുറപ്പെട്ടത്. പർവതനിരകളുടെ അടിത്തട്ടിൽ നിന്ന് ഉഹ്‌റു കൊടുമുടിയുടെ മുകളിൽ എത്താൻ ഏഴ് ദിവസം വേണ്ടിവന്നു. കൊടുമുടിയുടെ മുകളിൽ മൈനസ് 20 ഡിഗ്രി താപനിലയായിരുന്നു. എന്നാൽ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് കൊടുമുടി കീഴടക്കാനും സ്റ്റെല്ല പോയിന്റിൽ സൂര്യോദയം കാണാനായെന്നും സോനു പറഞ്ഞു. കഴിഞ്ഞ 16ന് രാവിലെ 9.15ന് ഒൻപത് അംഗ സംഘത്തിനാെപ്പമാണ് സോനു കൊടുമുടിയുടെ നെറുകയിലെത്തിയത്.
അടൂർ മണക്കാല ലൈഫ് സ്റ്റൈൽ ജിം ഉടമയും ട്രെയിനറുമായ പ്രദീഷ് യാത്രയ്ക്കുള്ള പിന്തുണയേകി. മുൻപ് ഏവറസ്റ്റ് ബേസ് കീഴടക്കി സോനു ശ്രദ്ധനേടിയിരുന്നു. കടുത്ത കൃഷ്ണ ഭക്തയായ സോനു മലനിരകളിലേക്കുള്ള സാഹസിക യാത്രയിൽ ഉളനാട് ഉണ്ണിക്കണ്ണന്റെ ചിത്രവും കൂടെ കൂട്ടാറുണ്ട്.
കിളിമഞ്ചാരോ യാത്രയ്ക്കായി മൂന്ന് മാസത്തെ
കഠിനപരിശ്രമം നടത്തേണ്ടിവന്നു.
സോനു