പത്തനംതിട്ടയിൽ പണിതത് മൂന്ന് ബെയ്ലി പാലങ്ങൾ
പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി സൈന്യം ബെയ്ലി പാലം നിർമ്മിച്ചത് റാന്നിയിലാണ്. 1996 ജൂലായ് 29ന് റാന്നി വലിയ പാലം തകർന്നപ്പോൾ നവംബർ എട്ടിന് പട്ടാളം നിർമ്മിച്ച ബെയ്ലി പാലം വലിയ വാഹനങ്ങൾക്കാെഴികെ തുറന്നുകൊടുത്തു.
റാന്നിയിൽ പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതുവരെ ബെയ് ലി പാലം ഉണ്ടായിരുന്നു. അന്നത്തെ റാന്നി എം.എൽ.എ രാജു ഏബ്രഹാം ആവശ്യപ്പെട്ടതനുസരിച്ച് , മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ഇടപെട്ടാണ് പാലം നിർമ്മിച്ചത്. നായനാർ നേരിട്ടെത്തി ബെയ്ലി പാലം കാണുകയും നിർമ്മിച്ച സൈനികരെ അഭിനന്ദിക്കുകയും ചെയ്തു.
തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണത്തിനായി ശബരിമല സന്നിധാനത്ത് 2011 നവംബർ ഏഴിന് സൈന്യം ബെയ്ലി പാലം നിർമ്മിച്ചിട്ടുണ്ട്. മണ്ഡല, മകരവിളക്ക് കാലത്ത് സന്നിധാനത്തെത്തുന്ന തീർത്ഥാടകരെ ദർശനത്തിന് ശേഷം തിരികെ കടത്തിവിടുന്നതിനായിരുന്നു ഇത്. സന്നിധാനത്തു നിന്ന് ചന്ദ്രാനന്ദൻ റോഡിലേക്ക് നടപ്പന്തൽ വഴി വരാതെ മടങ്ങാനുള്ള പാതയായാണ് നിർമ്മിച്ചത്. ഇപ്പോൾ ഉപയോഗിക്കുന്നില്ല.
എം.സി റോഡിൽ ഏനാത്തെ പാലത്തിനുണ്ടായ ബലക്ഷയത്തെ തുടർന്ന് ബദൽ യാത്രാ ക്രമീകരണത്തിനുവേണ്ടി 2017 ജനുവരിയിൽ ബെയ്ലി പാലം നിർമ്മിച്ചിരുന്നു. ഏനാത്തെ പഴയ പാലം സ്ഥിതിചെയ്തിരുന്ന കടവിലാണ് നിർമ്മിച്ചത്. ചെറു വാഹനങ്ങളാണ് ഇതുവഴി കടത്തിവിട്ടത്. കല്ലടയാറിന് കുറുകെയുള്ള പാലത്തിന്റെ തൂണുകളിൽ നിന്ന് സ്പാൻ തെന്നിമാറിയുണ്ടായ തകരാർ പരിഹരിക്കാൻ പത്തുമാസത്തോളം വേണ്ടിവന്നു. ഇക്കാലയളവിൽ എം.സി റോഡിലെ ഗതാഗത തടസം പരിഹരിക്കുന്നതിനാണ് ബെയ്ലിപാലം നിർമ്മിച്ചത്. ഏനാത്ത് പാലം ബലപ്പെടുത്തിയപ്പോൾ ബെയ്ലി പാലം സൈന്യം പൊളിച്ചുകൊണ്ടുപോയി.