മല്ലപ്പള്ളി : നോട്ടീസും നിർദേശങ്ങളുമായി സർക്കാർ പകർച്ചവ്യാധികൾക്കെതിരെ പടയൊരുക്കം നടത്തുമ്പോൾ മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിഹീനമായി തുടരുന്നു. മാലിന്യത്തിന്റെ പേരിൽ ജനത്തിന് നോട്ടീസ് നൽകുകയും പിഴയും ഇൗടാക്കുകയും ചെയ്യുന്ന അധികാരികൾ സ്വന്തം തട്ടകത്തിലെ ശുചിത്വമില്ലായ്മ അറിഞ്ഞ മട്ടില്ല.
താലൂക്ക് ആസ്ഥാനത്തെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് ചുറ്റും കാട് പടർന്നിരിക്കുകയാണ്. സമീപത്തുള്ള താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ നാല് ഭാഗത്തും വളർന്ന കാട് നീക്കം ചെയ്തിട്ടില്ല. മിനി സിവിൽ സ്റ്റേഷന്റെ പിൻഭാഗം വനത്തിന് സമാനമാണ്. ഇങ്ങോട്ടുള്ള റോഡിന്റെ വശങ്ങളിലും കാട് മുടി. വാഹനങ്ങൾ പാർക്ക് ചെയ്യാനും ബുദ്ധിമുട്ടാണ്. കൂടാതെ പരിസരത്ത് അലക്ഷ്യമായിട്ടിരിക്കുന്ന ജലസംഭരണികളിൽ കൊതുകുകൾ പെരുകുന്നു. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ വെള്ളം എത്തിച്ചിരുന്ന സംഭരണികളാണിത്. ഇവയ്ക്ക് മൂടിയില്ലാത്തതിനാൽ മഴവെള്ളം നിറഞ്ഞ നിലയിലാണ്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ നിറയെ കുത്താടികളുമുണ്ട്.
ടോയ്ലെറ്റുകൾ വൃത്തിഹീനം
മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തോട് ചേർന്ന് പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിർമ്മിച്ചിട്ടുള്ള കക്കൂസുകൾ വൃത്തിഹീനമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായും ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ക്ലോസറ്റിലും തറയിലും ചെളിയും മണ്ണും നിറഞ്ഞിരിക്കുന്നതിനാൽ ഉപയോഗപ്രദമല്ല.