മല്ലപ്പള്ളി: വാലാങ്കര - അയിരൂർ റോഡ് നിർമ്മാണത്തിന് 55 ലക്ഷം രൂപയുടെ പ്രത്യേക അനുമതിയായതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയപ്പോൾ 40 മീറ്ററോളം ഭാഗം ഒന്നും ചെയ്യാതെ കിടക്കുകയായിരുന്നു. ഇതു സംബന്ധിച്ച് കേരള കൗമുദി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് അധികൃതർ നടപടി എടുത്തത്. റോഡിന്റെ മുതുപാലഭാഗത്ത് ഇന്റർലോക്ക് ചെയ്യും വശം കെട്ടി സംരക്ഷിക്കും. വാലാങ്കര -അയിരൂർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തിവരികയായിരുന്നു. 24 കോടി രൂപയായിരുന്നു നിർമ്മാണ ചിലവ്. എന്നാൽ വൈദ്യുതി പോസ്റ്റും പൈപ്പും മാറ്റുന്നതിനും സംരക്ഷണഭിത്തി കെട്ടുന്നതിനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കും ഫണ്ട് തികയാതെ വന്നതോടെ കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചു. തുടർന്ന് മുടങ്ങിക്കിടന്ന പദ്ധതി പുനരുദ്ധരിക്കുന്നതിന് എം.എൽ.എയുടെ ആവശ്യപ്രകാരം 8.73 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി കെ.ആർ.എഫ് ബി യുടെ അനുമതിക്കായി സമർപ്പിച്ചിരുന്നു. തുടർന്നാണ് മുതുപാല ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ട് യാത്ര ദുഷ്കരമായത്. ഇക്കാര്യം എം.എൽ.എ കെ.ആർ.എഫ്.ബി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അടിയന്തരമായി റോഡിന്റെ അറ്റക്കുറ്റപ്പണിക്കായി 55 ലക്ഷം രൂപ അനുവദിച്ചത്.