junction-
പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കൂടൽ ജംഗ്ഷൻ

കോന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കൂടൽ ജംഗ്ഷനിലുള്ള രണ്ട് വെയിറ്റിംഗ് ഷെഡുകൾ മൂലം ആശയക്കുഴപ്പം. കോന്നിയിൽ നിന്ന് പത്തനാപുരം ഭാഗത്തേക്ക് വരുന്ന ബസുകളിൽ ചിലത് ജംഗ്ഷനിലെ പഴയ വെയിറ്റിംഗ് ഷെഡിന് സമീപവും മറ്റ് ചിലത് ഫെഡറൽ ബാങ്കിന്റെ എതിർവശത്തുള്ള പുതിയ വെയിറ്റിംഗ് ഷെഡിന് സമീപവും നിറുത്തുന്നു. ഇതുമൂലം യാത്രക്കാർക്ക് എവിടെയാണ് ബസ് കാത്തു നിൽക്കേണ്ടതെന്നതിൽ ആശയക്കുഴപ്പമുണ്ട്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിനു ശേഷമാണ് ഫെഡറൽ ബാങ്കിന് എതിർവശത്ത് പുതിയ വെയ്റ്റിംഗ് ഷെഡ് പണിതത്. കൂടൽ ജംഗ്ഷനിലെ പഴയ വെയിറ്റിംഗ് ഷെഡ് സ്വകാര്യ വ്യക്തിയുടെ ഓർമ്മയ്ക്കായി വർഷങ്ങൾക്കു മുമ്പ് പണിതതാണ്. ഇവിടെയായിരുന്നു വർഷങ്ങളായി പത്തനാപുരം ഭാഗത്തേക്ക് പോകുന്ന ബസുകൾ നിറുത്തിയിരുന്നതും യാത്രക്കാർ കയറിയിരുന്നതും. സംസ്ഥാനപാത വികസന ശേഷം ഫെഡറൽ ബാങ്കിന്റെ എതിർവശത്ത് പുതിയ വെയ്റ്റിംഗ് ഷെഡ് പണി കഴിപ്പിച്ചു. അതിനുശേഷം ചില ബസുകൾ പുതിയ വെയ്റ്റിംഗ് ഷെഡിന് മുന്നിലും ചില ബസുകൾ പഴയ വെയ്റ്റിംഗ് ഷെഡിനു മുന്നിലും നിറുത്തുന്നു. പത്തനാപുരം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ പഴയ വെയിറ്റിംഗ് ഷെഡിന് മുന്നിൽ കാത്തുനിൽക്കുമ്പോൾ പലപ്പോഴും ബസുകൾ പുതിയ വെയിറ്റിഗ് ഷെഡിന് മുന്നിലാകും നിറുത്തുക. ചില യാത്രക്കാർ പുതിയ ഷെഡിന് മുന്നിൽ ബസ് കാത്തുനിൽക്കുമ്പോൾ പഴയ ഷെഡിനു മുന്നിലാകും ബസുകൾ നിറുത്തുക. ഇതുമൂലം യാത്രക്കാർക്ക് പലപ്പോഴും ബസുകളുടെ പുറകെ ഓടേണ്ടിവരുന്നു.

---------------

ജംഗ്ഷനിലെ ഏത് വെയ്റ്റിംഗ് ഷെഡിന് മുന്നിലാണ് ബസുകൾ നിറുത്തുക എന്നതിൽ അവ്യക്തതയുണ്ട്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

കൂടൽ ശ്രീകുമാർ ( വ്യാപാരി വ്യവസായി ഏകോപന സമിതി കൂടൽ യൂണിറ്റ് പ്രസിഡന്റ് )