തിരുവല്ല : തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ പൊടിയാടി ജംഗ്‌ഷനും വൈക്കത്തില്ലം പാലത്തിനും ഇടയിലെ വെള്ളക്കെട്ട് ദുരിതമായി. രണ്ടുഘട്ടമായി 150 കോടി രൂപയോളം കിഫ്‌ബി ഫണ്ട് ചെലവഴിച്ചു നിർമ്മിച്ച റോഡാണിത്. മഴപെയ്താൽ ഇവിടെ ഒഴിയാതെ വെള്ളം കെട്ടിനിൽക്കും. റോഡിന്റെ പകുതിയിലേറെ ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നത് കാണാനാകും. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾ വെള്ളത്തിലൂടെയാണ് കടന്നുപോകുന്നത്. നടപ്പാതയും സമീപവും ഇന്റർലോക്ക് ചെയ്തിട്ടുണ്ടെങ്കിലും വാഹനങ്ങൾ പോയാൽ ചെളിവെള്ളം തെറിക്കും. സമീപത്തെ കച്ചവട സ്ഥാപനങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം. റോഡരുകിൽ സ്ഥലമുണ്ടെങ്കിലും വെള്ളക്കെട്ടും ചെളി അടിഞ്ഞുകൂടിയതും കാരണം ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കില്ല. ഈ ഭാഗത്ത് റോഡിന് തകർച്ചയുമുണ്ട്.
ഒാടയില്ലാത്തത് പ്രതിസന്ധി
വെള്ളക്കെട്ട് പതിവാകുന്ന സ്ഥലങ്ങളിൽ ഓട പണിയാതെ അശാസ്ത്രീയമായി റോഡ് നിർമ്മിച്ചതാണ് പ്രശ്‌നത്തിന്റെ പ്രധാന കാരണം. സമീപത്ത് കൂടി തോടുകൾ ഒഴുകുന്നുണ്ട്. ഇവിടേക്ക് ഓട നിർമ്മിച്ചാൽ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് റോഡ് നിർമ്മിച്ചിട്ടും നാട്ടുകാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
റോഡ് നവീകരണത്തിന് ചെലവിട്ടത് : 150 കോടി
റോഡ് നിർമ്മിച്ചപ്പോൾ ഓട പണിയുന്നതിന് വ്യവസ്ഥയില്ലായിരുന്നു.
ഇപ്പോഴത്തെ വെള്ളക്കെട്ട് പരിശോധിച്ച് പരിഹാരത്തിന് ശ്രമിക്കും.
(പൊതുമരാമത്ത് അധികൃതർ)