ചെങ്ങന്നൂർ: തിരുവൻവണ്ടൂർ എച്ച്.എസ്.എസ് - പള്ളത്തുപടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഫണ്ട് അനുവദിച്ചിട്ടും കരാറെടുക്കാൻ ആളില്ല. ഇതോടെ നാട്ടുകാർ ഏറെ ദുരിതത്തിലാണ് 20 വർഷമായി തകർന്നു കിടക്കുന്ന റോഡിന്റെ പുനർനിർമ്മാണത്തിനായി സർക്കാർ 1കോടി അനുവദിച്ചിരുന്നു.തുക അനുവദിച്ചിട്ട് മാസങ്ങളായി. രണ്ട് പതിറ്റാണ്ടിലേറെയായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന റോഡ് ടാറിംഗ് പൂർണ്ണമായും തകർന്ന് ചെമ്മൺപാതയ്ക്ക് സമാനമാണ്. ഗ്രാമ പഞ്ചായത്തിന്റെ 12,നാലും വാർഡുകൾ ചേർന്ന് തിരുവൻവണ്ടൂരിനെയും കല്ലിശേരി - കുത്തിയതോട് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 750മീറ്റർ ദൈർഘ്യമുള്ള റോഡാണിത്. ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി പൈപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും മഴക്കാലമായതോടെ റോഡിൽ വെള്ളക്കെട്ടും ചെളിയുമാണ്. ഇതോടെ വഞ്ഞിപ്പുഴേത്ത് ,തോണ്ടറപ്പടി ഭാഗത്ത് താമസിക്കുന്നവർ ഏറെ ദുരിതത്തിലാണ്. കുഴിയിൽ വീണ് നിരവധി ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നുണ്ട്. തോണ്ടറപ്പടിക്കു സമീപം റോഡിന് സമീപം പ്രവർത്തിക്കുന്ന അങ്കണവാടിയിൽ കുട്ടികളെ രക്ഷകർത്താക്കൾ എത്തിക്കുന്നത് വളരെ സാഹസപെട്ടാണ്. ഗവ.ഹയർ സെക്കൻഡറി സ്കൂൾ ,ഗവ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലേക്ക്പോകുന്ന വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ഏറെ ദുരിതത്തിലാണ്. പള്ളത്തുപടി ,പാണ്ടനാട് എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്കും ഹയർ സെക്കൻഡറി സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾക്കും വരാനുള്ള ബൈപ്പാസ് റോഡു കൂടിയാണിത്.ഏത്രയും വേഗം അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡിലെ കുഴിയിൽ ഇപ്പോൾ വാഴ നട്ടിരിക്കുകയാണ് .
...................................
ഇവിടുത്തെ അങ്കണവാടിക്ക് മുന്നിൽ വരെ വലിയ വെള്ളക്കെട്ടാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ മലിനജലം കെട്ടിടത്തിലേക്ക് തെറിക്കുന്നത് പതിവാണ്.പഅടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.
ലിനു കരുണാകരൻ
(മാന്തോപ്പിൽ , തിരുവൻവണ്ടൂർ)
......................................
എം.എൽ.എയുടെ ഇടപെടീലിനെ തുടർന്ന് നാലാം വാർഡും പന്ത്രണ്ടാ വാർഡും ചേർന്ന് ഒരുകോടി അനുവദിച്ചിട്ടുണ്ട്. ഇതിന് ഉടനടി പരിഹാരം കാണും.
ഗീത
(നാലാം വാർഡ് മെമ്പർ )
...............................................
അറ്റകുറ്റപ്പണി നടത്തിയിട്ട് 20 വർഷം