പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വിലയിരുത്തി. നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് മന്ത്രി നിർവഹണ ഏജൻസിയായ ഊരാളുങ്കൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നിർദ്ദേശം നൽകി. കാലാവസ്ഥാ വ്യതിയാനം കാരണം ഗ്രൗണ്ടിൽ മണ്ണ് നിറയ്ക്കുന്ന പ്രവർത്തനങ്ങൾക്ക് താമസം വന്നെങ്കിലും സമാന്തരമായി മറ്റ് പ്രവർത്തനങ്ങൾ നടക്കുന്നതായി സൊസൈറ്റി അറിയിച്ചു. പവലിയൻ ഏരിയയിലെ പൈലിംഗ് ആരംഭിച്ചിട്ടുണ്ട്. സമയബന്ധിതമായി മണ്ണ് നിറയ്ക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി.
സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 47.9 കോടി രൂപ വിനിയോഗിച്ചാണ് കെ.കെ നായർ ജില്ലാ സ്റ്റേഡിയം നിർമ്മിക്കുന്നത്. ഒന്നാംഘട്ടത്തിൽ 8 ലെയ്ൻ 400 മീ. സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറൽ ഫുഡ്‌ബാൾ ടർഫ്, നീന്തൽക്കുളം, പവലിയൻ, ഗ്യാലറി മന്ദിരങ്ങൾ എന്നിവയാണ് നിർമ്മിക്കുന്നത്. രണ്ടാംഘട്ടത്തിലാണ് ഹോസ്റ്റലിന്റെ നിർമ്മാണം. ലാന്റ് ഡെവലപ്‌മെന്റ് പ്രവൃത്തി പൂർത്തിയാക്കുന്ന മുറയ്ക്ക് സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറൽ ഫുഡ്‌ബാൾ ടർഫ് പ്രവൃത്തികളാണ് ചെയ്യുന്നത്.
ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. അനിൽകുമാർ, സ്‌പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ, നഗരസഭാ സെക്രട്ടറി ഇൻ ചാർജ് സുധീർ, ഊരാളുങ്കൽ കോഓപ്പറേറ്റീവ് സൊസൈറ്റി ജി.എം. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
-----------------
നിർമ്മാണം 47.9 കോടി ചെലവിൽ
ഒന്നാംഘട്ടത്തിൽ
@ 8 ലെയ്ൻ 400 മീ. സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്,
@ നാച്വറൽ ഫുഡ്‌ബാൾ ടർഫ്,
@ നീന്തൽക്കുളം,
@ പവലിയൻ,
@ ഗ്യാലറി മന്ദിരങ്ങൾ