പത്തനംതിട്ട : തന്റെ സ്വർണ്ണക്കമ്മലുകൾ വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി. വലഞ്ചുഴി ശ്രീരാഗം വീട്ടിൽ പരേതനായ ശ്രീരാജിന്റെയും രമ്യയുടെയും മകൾ ശ്രേയയാണ് മാതൃകയായത്. വയനാട്ടിലെ ദുരന്തവും നാട്ടുകാരുടെ സങ്കടങ്ങളും കണ്ട് അവരെ സഹായിക്കാൻ എന്തുചെയ്യാൻ സാധിക്കുമെന്ന് ചിന്തിച്ച പെൺകുട്ടി രണ്ട് ഗ്രാമിന്റെ കമ്മലുകളാണ് നൽകിയത്. ഇതുവിറ്റ് കിട്ടിയ 12,000 രൂപയാണ് സംഭാവനയായി നൽകിയത്. ശ്രേയയുടെ അച്ഛൻ ശ്രീരാജ് അഞ്ച് വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ചതാണ്.
മകളുടെ ആഗ്രഹത്തിന് അമ്മ സമ്മതം നൽകി. വാർഡ് കൗൺസിലറായ അഡ്വ.എ.സുരേഷ് കുമാറിനെ ഇക്കാര്യം അറിയിച്ചു. ഇന്നലെ സുരേഷ് കുമാറിനൊപ്പം പത്തനംതിട്ട കളക്ടറേറ്റിൽ എത്തി കളക്ടറുടെ കൈയ്യിൽ തുക നൽകി. മുൻപ് കൊവിഡ് സമയത്തും ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകിയിട്ടുണ്ട്. പത്തനംതിട്ട അമൃത വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രേയ.