പന്തളം : വയനാട് ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർക്കുള്ള സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി നൽകരുതെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ ബി.ജെ.പി മുൻ മീഡിയ വിഭാഗം കോ കൺവീനർ കുളനട ഞെട്ടൂർ അവിട്ടം ഹൗസിൽ ശ്രീജിത്ത് പന്തളത്തിനെതിരെ പന്തളം പൊലീസ് കേസെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്നും അതിൽ വ്യാപക അഴിമതി നടക്കുന്നുണ്ടെന്നും ശ്രീജിത്ത് ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രചരിപ്പിച്ചു. ദുരന്തബാധിതരെ സഹായിക്കേണ്ടവർ നേരിട്ട് സഹായം കൈമാറുകയോ സേവാഭാരതി ഉൾപ്പെടെയുള്ള സംഘടനകളെ സഹായം ഏൽപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു പോസ്റ്റ്. ഇത് വ്യാപകമായി ശ്രദ്ധ നേടിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ സംസ്ഥാന വ്യാപകമായി 14 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 194 പോസ്റ്റുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് നിയമപ്രകാരമുള്ള നോട്ടീസ് നൽകുകയും ചെയ്തു.