തിരുവല്ല : ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് തിരുവല്ലയിൽ തുടക്കംകുറിച്ച സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂൾ സുവർണ്ണ ജൂബിലി നിറവിൽ. ഒരുവർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 12ന് രാവിലെ 10.30ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ മുൻ ഇന്ത്യൻ അംബാസിഡർ ഡോ.ടി.പി ശ്രീനിവാസൻ നിർവഹിക്കും. ആന്റോ ആന്റണി എം.പി അദ്ധ്യക്ഷത വഹിക്കും. മാത്യു ടി.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാദ്ധ്യക്ഷ അനു ജോർജ്, വാർഡ് കൗൺസിലർ പൂജാ ജയൻ, രക്ഷാകർതൃ പ്രതിനിധി അഡ്വ.സി.രാജേഷ് കുമാർ, പൂർവ വിദ്യാർത്ഥി ഡോ.അനിൽകുമാർ എന്നിവർ പ്രസംഗിക്കും. ജൂബിലിയുടെ ഭാഗമായി സ്‌കൂൾ സ്ഥാപകനായ ഡോ.പി.ടി ഏബ്രഹാമിന്റെ (ബേബി മുളമൂട്ടിൽ) സ്മരണാർഥം സംസ്ഥാനതലത്തിൽ കലാകായിക മത്സരങ്ങൾ നടക്കും. മാലിന്യവിമുക്ത ജലസ്രോതസുകൾ, ഭൂസംരക്ഷണത്തിന്റെ ആവശ്യകത, യുദ്ധം വിതക്കുന്ന വിനാശങ്ങൾ, മയക്കുമരുന്നിന്റെ മാരക ദോഷങ്ങൾ എന്നീ സന്ദേശങ്ങൾ ഉയർത്തി 9ന് തിരുവല്ലയിൽ വിളംബര ജാഥ സംഘടിപ്പിക്കും. 13ന് സംഗീത പരിപാടിയും 14ന് ⁠കലോത്സവവും ⁠പൂർവ വിദ്യാർത്ഥി സംഗമവും നടക്കും. 1974ൽ തുടങ്ങിയ സെന്റ് മേരിസ് സ്‌കൂൾ, മദ്ധ്യതിരുവിതാംകൂറിലെ ആദ്യ സി.ബി.എസ്.ഇ സ്‌കൂളുകളിൽ ഒന്നാണ്. പിന്നീട് നിരവധി സ്കൂളുകളായി വളർന്നു. ജൂബിലിയുടെ ഭാഗമായി ഒരു നിർധന കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകുമെന്നും സ്‌കൂൾ പ്രിൻസിപ്പൽ മിനി ജേക്കബ് ഫിലിപ്പ്, അഡ്മിനിസ്ട്രേറ്റർ സച്ചിൻ ഫിലിപ്പ്, ജനറൽ കോർഡിനേറ്റർ മോജി സക്കറിയ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.