പത്തനംതിട്ട: ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും ആറൻമുള പള്ളിയോടസേവാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം ഇന്ന് രാവിലെ 10.30 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കവി പ്രഭാവർമ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി. സാംബദേവൻ അദ്ധ്യക്ഷത വഹിക്കും. കോട്ടയം ഏറ്റുമാനൂരപ്പൻ കോളേജ് മലയാള വിഭാഗം മേധാവി ഡോ. എ. മോഹനാക്ഷൻ നായർ സന്ദേശം നൽകും.വ്യവസായി മഠത്തിൽ രഘു മുഖ്യാതിഥിയായിരിക്കും.
നാളെമുതൽ 23 വരെയാണ് മത്സരം. പ്രാഥമിക അവതരണത്തിൽ പങ്കെടുക്കുന്ന കരകളുടെ ടീമിന് 1000 രൂപ പ്രോത്സാഹനമായി നൽകും.
ജനറൽ കൺവീനർ എം. കെ.ശശികുമാർ, പ്രസിഡന്റ് കെ. വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.