പത്തനംതിട്ട : നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ച് കയറി ഗൃഹനാഥന്റെ സുഹൃത്തും സമീപവാസിയുമായ 53 കാരൻ മരിച്ചു. പത്തനംതിട്ട കുലശേഖരപതി അലങ്കാരത്ത് വീട്ടിൽ ഉബൈദുള്ള ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.15ന് ആയിരുന്നു സംഭവം. കുലശേഖരപതിയിലെ തേങ്ങാക്കടയിലെ പിക്കപ്പ് വാൻ ആണ് അപകടകാരണമായത്. റോഡിന് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ഇടിച്ച ശേഷം അലങ്കാരത്ത് അയൂബ്ഖാന്റെ വീടിന്റെ ഗേറ്റ് തകർത്ത് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു പിക്കപ്പ് വാൻ. ഉബൈദുള്ള കാറിന് അപ്പുറം നിന്നും അയൂബ്ഖാൻ സിറ്റൗട്ടിലിരുന്നും സംസാരിക്കുമ്പോഴാണ് അപകടം. സിറ്റൗട്ടിന്റെയും കാറിന്റെയും ഇടയിൽ ഉബൈദുള്ള ഞെരുങ്ങി. കാർ മാറ്റിയാണ് ഉബൈദുള്ളയെ പുറത്തെടുത്തത്. കാൽ ഒടിഞ്ഞ് അടർന്നുപോയി. സിറ്റൗട്ടിലെ കൈവരിയും തകർന്നിട്ടുണ്ട്. ഉബൈദുള്ളയെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിക്കപ്പ് വാൻ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഉബൈദുള്ളയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ : സഫീന. മക്കൾ : സുമയ്യ, സുൽഫിയ.
ഉബൈദേ... മാറിക്കോ, എന്നിട്ടും...
ഞങ്ങൾ സുഹൃത്തുക്കളാണ്. എല്ലാ ദിവസവും രാവിലെ ഉബൈദുള്ളയുമായി സിറ്റൗട്ടിലിരുന്ന് സംസാരം പതിവുള്ളതാണ്. രാവിലെ ഞാൻ പത്രവുമായി സിറ്റൗട്ടിലിരിക്കും. ഉബൈദുള്ളയും വരും. പിന്നെ കുറേ നേരം പത്രം വായിച്ച് സംസാരിക്കും. എല്ലാ കാര്യങ്ങളെക്കുറിച്ചും പറയും. അങ്ങനെ സംസാരിക്കുമ്പോഴാണ് റോഡിൽ ശബ്ദം കേട്ടത്. എന്താണ് എന്ന് നോക്കുന്നതിന് മുമ്പേ പിക്കപ്പ് വാൻ ഗേറ്റ് തകർത്ത് വരുന്നതാണ് കണ്ടത്. ഉബൈദേ മാറിക്കോ... എന്നലറിയെങ്കിലും പിക്കപ്പ് കാറിലേക്ക് ഇടിച്ച് കയറി ഉബൈദ് അതിനിടയിൽപ്പെട്ടിരുന്നു. കാലും നെഞ്ചും ഞെരുങ്ങി പോകുകയായിരുന്നു. അപ്പോഴേക്കും ആളുകൾ കൂടി കാർ തള്ളിമാറ്റി പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചപ്പോഴും പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ എന്റെ ഉബൈദ് പോയി.
(ഉബൈദിന്റെ സുഹൃത്തും ദൃക്സാക്ഷിയുമായ അയൂബ്ഖാന്റെ വാക്കുകൾ)