തിരുവല്ല : ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് തീരാവേദനയിൽ കഴിയുന്ന വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച്. ദുരന്തം ഉണ്ടായി മണിക്കൂറുകൾക്കുള്ളിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സേവനവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നു. രക്ഷാപ്രവർത്തനം നടത്തുന്നവർക്കും സർക്കാർ സംവിധാനങ്ങൾക്കും സാദ്ധ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി ചെയ്യണമെന്ന് സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. ബിഷപ്പ് മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പയുടെ നിർദ്ദേശത്തെ തുടർന്ന് കേരളത്തിലെ എല്ലാ ഇടവകകളിലും ഇന്ന് കുർബാന മധ്യേ വയനാടിന് വേണ്ടിയുള്ള സമൂഹ പ്രാർത്ഥന നടക്കും. തുടർന്ന് പുനരധിവാസത്തിനും മുമ്പോട്ടുള്ള അവരുടെ ജീവിതത്തിനും ആശ്വാസമാകുവാൻ പ്രത്യേക സ്തോത്രകാഴ്ചയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചു. നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇടവകയിൽ വികാരി ഫാ.മർക്കോസ് പള്ളിക്കുന്നേൽ സമൂഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കും. ഡോക്ടർമാർ, നഴ്‌സുമാർ, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ അമ്പതോളം പേരുടെ സംഘമാണ് അവശ്യസേവനങ്ങൾ ചെയ്യുന്നത്.