പത്തനംതിട്ട: ശ്രീനാരായണ ഗുരുദേവന്റെ 170ാം ജയന്തി ആഘോഷം എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കുമെന്ന് പ്രസിഡന്റ് കെ. പത്മകുമാറും സെക്രട്ടറി ഡി. അനിൽകുമാറും അറിയിച്ചു. ശാഖാ യോഗങ്ങൾ, പോഷക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ പത്തനംതിട്ട നഗരത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

ജയന്തി സന്ദേശ യാത്ര, വർണാഭമായ ഘോഷയാത്ര, മഹാസമ്മേളനം തുടങ്ങിയവയാണ് പരിപാടികൾ. ഉച്ചയ്ക്ക് രണ്ടിന് വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ഫ്ളോട്ടുകൾ തുടങ്ങിയവയുടെ അകമ്പടിയോടെ ആയിരക്കണക്കിന് പീതാംബരധാരികൾ പങ്കെടുക്കുന്ന ഘോഷയാത്ര അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിലെ ശ്രീനാരായണ നഗറിൽ സമാപിക്കും. വൈകിട്ട് നാലിന് ഗുരുദേവ ജയന്തി സമ്മേളനം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ആരോഗ്യ മന്ത്രി വീണാജോർജ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ആന്റോ ആന്റണി എം.പി, കെ.യു ജനീഷ് കുമാർ എം.എൽ.എ, ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, നഗരസഭ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ, യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ, പത്തനംതിട്ട യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡംഗം സി.എൻ വിക്രമൻ എന്നിവർ സംസാരിക്കും.

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. അജിത് കുമാർ, യോഗം പത്തനംതിട്ട യൂണിയൻ കൗൺസിലർമാരായ ജി. സോമനാഥൻ, പി. സലിംകുമാർ, പി.കെ പ്രസന്നകുമാർ, എസ്.സജിനാഥ്, പി.വി രണേഷ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീലാ രവി, സെക്രട്ടറി സരളാ പുരുഷോത്തമൻ, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.ആർ സലിലനാഥ്, യൂത്ത്മൂവ്മെന്റ് ജില്ലാ ചെയർമാൻ ശ്രീജു സദൻ, യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്ണ, കൺവീനർ ആനന്ദ് പി.രാജ്, എംപ്ളോയിസ് ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് സി.കെ സജീവ് തുടങ്ങിയവർ പങ്കെടുക്കും.

ജയന്തി സന്ദേശ യാത്ര

17ന് രാവിലെ 7.30ന് 1149ാം നമ്പർ തേക്കുതോട് ശാഖാ ഗുരുമന്ദിരത്തിൽ നിന്ന് ഭദ്രദീപം തെളിച്ച് 4024ാം നമ്പർ തേക്കുതോട് സെൻട്രൽ ശാഖയിൽ ഉദ്ഘാടനം ചെയ്യുന്ന ജയന്തി സന്ദേശയാത്ര വിവിധ ശാഖകളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് ആറിന് കോന്നി 82ാം നമ്പർ ശാഖയിൽ സമാപിക്കും. 18ന് രാവിലെ 7.30ന് 89ാം നമ്പർ ചെന്നീർക്കര ശ്രീനാരായണഗിരി മഹാദേവർ ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച് വിവിധ ശാഖകളിലെ സ്വീകരണം ഏറ്റുവാങ്ങും. വൈകിട്ട് 5.30ന് പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ മന്ദിരത്തിൽ സമാപിക്കും. തുടർന്ന് ധർമ്മ പതാക ഉയർത്തും.