പത്തനംതിട്ട: കളക്ടറേറ്റ് കോമ്പൗണ്ടിൽ പ്ളാനിഗ് ബോർഡ് ഒാഫീസിന്റെ പുതിയ കെട്ടിടത്തിനും പൊതുമരാമത്ത് ഒാഫീസിനും ഇടയിൽ സ്ഥാപിച്ചിരുന്ന കാർഗിൽ സ്മാരക സ്തൂപം ഗാന്ധി പ്രതിമയ്ക്ക് സമീപത്തേക്ക് മാറ്റിസ്ഥാപിച്ചു. നെഹ്റു യുവകേന്ദ്ര സ്ഥാപിച്ച സ്തൂപം പൊളിച്ചിട്ട നിലയിൽ കിടന്നതിൽ പ്രതിഷേധമുയർന്നതിനെ തുടർന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഇടപെട്ട് മാറ്റിസ്ഥാപിക്കുകയായിരുന്നു.
ജില്ലാ ആസൂത്രണ ബോർഡ് കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി കാടുപിടിച്ച പരിസരം വൃത്തിയാക്കുന്നതിനിടെയാണ് സ്തൂപം പൊളിച്ചിട്ടത്. കാർഗിൽ യുദ്ധ വിജയത്തിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി 2001 ജൂലായ് 15നാണ് പൊതുമരാമത്ത് ഓഫീസിന് എതിർവശത്തായി സ്ഥാപിച്ചത്. ഗ്രാനെറ്റിൽ നിർമ്മിച്ച സ്തൂപത്തിന്റെ ചുറ്റും കമ്പിയിട്ട് ചെടികൾ നട്ട് സുരക്ഷിതമാക്കിയിരുന്നു
അന്നത്തെ കളക്ടറും നിലവിൽ ഫിനാൻസ് സെക്രട്ടറിയുമായ രവീന്ദ്രകുമാർ അഗർവാളാണ് സ്തൂപം അനാച്ഛാദനം ചെയ്തത്. സ്മാരക നിർമ്മാണത്തിന് അന്ന് 20,000രൂപ ചെലവായി. പതിനായിരം രൂപ നെഹ്‌റുയുവ കേന്ദ്രയുടെ ഫണ്ടിൽ നിന്നും ബാക്കി തുക സ്‌പോൺസർഷിപ്പിലൂടെയും കണ്ടെത്തി. കളക്ടറേറ്റ് അങ്കണത്തിൽ ഗാന്ധി പ്രതിമക്ക് സമീപം പുന:സ്ഥാപിച്ച കാർഗിൽ സ്മാരക സ്തൂപത്തിിൽ അടുത്ത ദിവസങ്ങളിൽ പെയിന്റടിച്ച് വൃത്തിയാക്കും. തുടർന്ന് സൈനികരെ പങ്കെടുപ്പിച്ച് വീണ്ടും നാടിന് സമർപ്പിക്കും.