05-muttar
പന്തളം കുറുന്തോട്ടയം പാലത്തിന് സമീപം ചാൽ കൈയേറി കെട്ടിടങ്ങൾ നിർമ്മിക്കുന്നു.

പന്തളം: മുട്ടാർ നീരൊഴുക്ക്ചാലിന്റെ ഇരു കരകളിലും കൈയ്യേറ്റം വ്യാപകം. പന്തളം നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ ഒഴുകുന്ന മുട്ടാർ നീരൊഴുക്ക് ചാലിന്റെ കുറുന്തോട്ടയം പാലത്തിന് സമീപം ഇരു കരകളും കൈയ്യേറിയാണ് അനധികൃത കെട്ടിട നിർമ്മാണം വ്യാപകമായി നടക്കുന്നത്. തുമ്പമൺ പഞ്ചായത്തിലെ മാവര ഭാഗത്ത് നിന്ന്ആരംഭിച്ച് പന്തളം നഗരസഭ ഓഫീസിന് സമീപത്തുകൂടി കരിങ്ങാലി പാടശേഖരത്തിൽ എത്തുന്ന ചാലിന്റെ ഹൃദയഭാഗം കവർന്ന് ബഹുനില കെട്ടിടങ്ങളാണ് പണിയുന്നത്. നഗരസഭാ അധികൃതരുടെ മൗനാനുവാദത്തോടുകൂടിയാണ് നിർമ്മാണങ്ങൾ പുരോഗമിക്കുന്നതെന്നാണ് ആക്ഷേപം. ചാലിന്റെ ഒരു ഭാഗം കൈയ്യേറി കോൺക്രീറ്റ് തൂണുകൾ നിർമ്മിച്ച് കെട്ടിടവുമായി ബന്ധിപ്പിക്കുകയാണ് പലരും. കൈയ്യേറ്റം ഒഴിപ്പിക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം പ്രഹസനമായിരിക്കുകയാണ്. നടപടിയെടുക്കാൻ നഗരസഭ അധികൃതർ മടിക്കുന്നെതായി ആക്ഷേപമുണ്ട്. ജനപ്രതിനിധികളിൽ ചിലർ കൈയ്യേറ്റക്കാരെ പിന്തുണയ്ക്കുന്നതിനാൽ നഗരസഭ ഉദ്യോഗസ്ഥർ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പന്തളം ജംഗ്ഷന് സമീപം റോഡിന്റെ ഒരു ഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്തിട്ട സ്ലാബ് ഉൾപ്പെടെ കൈയ്യേറിയിട്ടും അധിക‌ൃതർ നടപടി എടുത്തിട്ടില്ല. പന്തളത്ത് വിവിധ ഭാഗങ്ങളിലായി 9 കെട്ടിടങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തിയിട്ടും നടപടികൾ സ്വീകരിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. വയലുകളും പുറമ്പോക്കുകളും കൈയ്യേറി കെട്ടിടങ്ങൾ നിർമ്മിച്ച അന്യസംസ്ഥാന തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കുകയാണ് പല കെട്ടിട ഉടമകളും. ഇവർക്കെതിരെയും നടപടികൾ സ്വീകരിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതി വ്യാപകമാണ്.

നഗരസഭയുടെ നടപടി പ്രഹസനം

കൈയ്യേറ്റം പൂർണമായി ഒഴിവാക്കുമെന്ന് പലതവണ നഗരസഭ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജനപ്രതിനിധികൾ, നഗരസഭ, റവന്യു, പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകൾ ചേർന്നു വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. കൈയ്യേറ്റം നടത്തിയ ചിലർക്കു നോട്ടീസ് നൽകിയെങ്കിലും തുടർനടപടി പ്രഹസനമായി.