പത്തനംതിട്ടയിൽ നിന്നുള്ള രാത്രി യാത്രക്കാർക്ക് ആശ്വാസം
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് കൊല്ലം ജില്ലയിലെ മലനടയിലേക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസിന് തുടക്കം. യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു പുതിയ സർവീസ്. പത്തനംതിട്ടയിൽ നിന്ന് ദിവസവും ഉച്ചകഴിഞ്ഞ് 3.10നാണ് മലനടയിലേക്ക് സർവീസ് ആരംഭിക്കുക. അടൂർ, മലനട, വഴി കരുനാഗപ്പള്ളിയിൽ 5.25ന് എത്തും. കരുനാഗപ്പള്ളിയിൽ നിന്ന് വൈകുന്നേരം 5.40ന് തിരിച്ച് മലനട, അടൂർ വഴി രാത്രി 7.55ന് പത്തനംതിട്ടയിൽ എത്തും. തുടർന്ന് രാത്രി ഒമ്പതിന് പത്തനംതിട്ടയിൽ നിന്ന് മലനടയിലേക്ക് സ്റ്റേ സർവീസായി പോകും. രാത്രി 10.45ന് മലനടയിലെത്തും. പിറ്റേന്നു രാവിലെ 5.50ന് മലനടയിൽ നിന്ന് തുടങ്ങുന്ന സർവീസ് കരുനാഗപ്പള്ളിയിൽ 6.40ന് എത്തും. 7.20ന് കരുനാഗപ്പള്ളിയിൽ നിന്ന് ചക്കുവള്ളി, മലനട, അടൂർ വഴി പത്തനംതിട്ടയിലേക്ക്. 9.40ന് പത്തനംതിട്ടയിൽ.
തുടർന്ന് 11.40നും ഉച്ചയ്ക്ക് 1.25നും മലയാലപ്പുഴ വഴി തലച്ചിറയിലേക്കും സർവീസ് നടത്തും. തിരികെ തലച്ചിറയിൽ നിന്ന് 12.30നും, 2.10നും പത്തനംതിട്ടയിലേക്കും സർവീസുണ്ടാകും.
മന്ത്രി കെ ബി ഗണേഷ്‌കുമാറും കെ യു ജനീഷ്‌കുമാർ എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും പുതിയ സർവീസിന് താൽപര്യമെടുത്തിരുന്നു. മലനട ഭാഗത്തേക്ക് നേരത്തെയുണ്ടായിരുന്ന സ്വകാര്യ ബസുകളിൽ പലതും ഓട്ടം നിർത്തിയത് മേഖലയിലെ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.