മുളക്കുഴ: അരീക്കര പത്തിശേരിൽ ശിവക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകൾ 11ന് നടക്കും. രാവിലെ 6.30നും 7.20നും മദ്ധ്യേയുളള മുഹൂർത്തത്തിലാണ് നിറപുത്തരി പൂജകൾ നടക്കുന്നത്. ക്ഷേത്ര മേൽശാന്തി വൈശാഖിന്റെ നേതൃത്വത്തിൽ കതിർക്കറ്റകൾ ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചശേഷം നടയടച്ച് പൂജിക്കും. തുടർന്ന് ഭക്തർക്ക് വിതരണം ചെയ്യും. നിറപുത്തരിക്ക് ആവശ്യമായ കതിർക്കറ്റകളുമായി തിരുവല്ല മഞ്ഞാടി ശിവഭക്ത സമിതി ഘോഷയാത്രയായി 10ന് വൈകിട്ട് 5.30ന് എം.സി റോഡിൽ പള്ളിപ്പടി കാണിയ്ക്ക മണ്ഡപത്തിന് സമീപം എത്തിച്ചേരും. ഇവിടെ നിന്ന് ഘോഷയാത്രയെ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് സ്വീകരിച്ച് ക്ഷേത്ര സന്നിധിയിലേക്ക് ആനയിക്കും. 6ന് കതിർക്കറ്റകൾ ആഘോഷപൂർവം തിരുനടയിൽ സമർപ്പിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ജയപ്രകാശ് തൊട്ടാവാടി, സെക്രട്ടറി ശശീന്ദ്രൻ കിടങ്ങിൽ എന്നിവർ അറിയിച്ചു.