nirvilakam-puthenkavu-roa

കോഴഞ്ചേരി : പുത്തൻകാവ് - നീർവിളാകം - കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിന്റെ ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. പൂർണമായും തകർന്ന റോഡിന്റെ പുനരുദ്ധാരണം വിവിധ കാരണങ്ങളാൽ വൈകുന്ന സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ രൂപീകരണം. വാർഡ് അംഗം ഷീജാ പ്രമോദ് അദ്ധ്യക്ഷയായിരുന്നു. നീർവിളാകം കുന്നേൽപടി മുതൽ കുറിച്ചിമുട്ടം കാണിക്കവഞ്ചി വരെയുള്ള 1420 മീറ്റർ ദൂരം ബി.എം ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുവാൻ ആദ്യം ഒരു കോടി രൂപ വകയിരുത്തി ടെൻഡർ ചെയ്തിരുന്നു. പിന്നീട് ജലജീവൻ മിഷനിൽ നിന്ന് നൽകിയ 47 ലക്ഷം കൂടി ചേർത്ത് അടങ്കൽ തുക 1.47 കോടിയാക്കി. എന്നാൽ ടെൻഡർ പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും കരാറുകാരൻ പണി തുടങ്ങിയില്ല. ഈ സാഹചര്യത്തിൽ കരാറുകാരനെ നീക്കി പുതിയ ടെൻഡർ വിളിച്ച് കരാറുകാരനെ കണ്ടെത്തി പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡിന്റെ ലെവെൽസ് എടുത്തശേഷമാണ് കരാറുകാരൻ പിൻവാങ്ങിയത്. വീഴ്ച വരുത്തിയ കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തി പുതിയ ടെണ്ടർ വിളിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. മന്ത്രിമാരായ വീണാജോർജ്ജിനും മുഹമ്മദ് റിയാസിനും പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥർക്കും നാട്ടുകാർ പരാതി നൽകിയിരുന്നു.

1. മാവേലിക്കര - കുമ്പഴ സംസ്ഥാന പാതയുടെ ഭാഗമാണ് നീർവിളാകം റോഡ്. പുത്തൻകാവ് മുതൽ മാലക്കര വരെ എം.കെ റോഡിൽ തടസം ഉണ്ടാകുമ്പോൾ ഗതാഗതം വഴിതിരിച്ച് വിടുന്നത് ഇതുവഴിയാണ്.

2. പുത്തൻകാവ് - കിടങ്ങന്നൂർ പാതയിൽ നീർവിളാകം ഭാഗം മാത്രമാണ് കുണ്ടും കുഴിയുമായി ഉള്ളത്. ചെങ്ങന്നൂർ മണ്ഡലത്തിലെ തുലാക്കുഴി പാലം വരെയും ആറന്മുള മണ്ഡലത്തിലെ കുറിച്ചിമുട്ടം കാണിക്ക വഞ്ചി മുതലുള്ള ഭാഗവും ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തിയിട്ടുണ്ട്.

3. നീർവിളാകം ധർമ്മശാസ്താ ക്ഷേത്രം, വിനോദ സഞ്ചാര കേന്ദ്രമായ ' ബാംഗ്ലൂർ റോഡ് ' വഴിയോര വിശ്രമ കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള പാതയാണിത്.

ആക്ഷൻ കൗൺസിൽ ഭാരവാഹികൾ

ടി.ആർ.വാസുദേവൻ പിള്ള (രക്ഷാധികാരി), ആർ.വസന്ത് കുമാർ (പ്രസിഡന്റ്), ഹരിറാം കുട്ടൻ (വൈസ് പ്രസിഡന്റ്), എസ്.മുരളി കൃഷ്ണൻ (സെക്രട്ടറി), കെ.സജിത് (ജനറൽ കൺവീനർ), അശ്വതി വിനോജ്, ഷീജാ പ്രമോദ് , അലക്‌സ് പട്ടേരിൽ (കൺവീനർമാർ).

അടങ്കൽ തുക 1.47 കോടി രൂപ